രൺവീറിന്റെ നഗ്നചിത്രം സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതായി പൊലീസിൽ പരാതി
text_fieldsമുംബൈ: സോഷ്യൽ മീഡിയയിലൂടെ ബോളിവുഡ് നടൻ രൺവീർ സിങ്ങിന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതിനാൽ നടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. തിങ്കളാഴ്ചയാണ് കിഴക്കൻ മുംബൈയിലെ ചെമ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. ഒരു സന്നദ്ധ സംഘടന (എൻജിഒ) ഭാരവാഹികളാണ് പരാതിക്കാർ.
'തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ പവിത്രതയെ അപമാനിക്കുകയും ചെയ്തു'വെന്ന് പരാതിയിൽ പറഞ്ഞു. നടനെതിരെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.
"തിങ്കളാഴ്‌ച ഒരു എൻ.ജി.ഒയുടെ അപേക്ഷ ഞങ്ങൾക്ക് ലഭിച്ചു. ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങൾ അന്വേഷിക്കുകയാണ്" -പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രണ്‍വീര്‍ സിങ് ക്യാമറയ്‌ക്ക് മുന്നിൽ നഗ്നനായത്. 1972ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്. ഫോട്ടോകള്‍ രണ്‍വീര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പലരും ആവിഷ്കാര സ്വാതന്ത്ര്യമെന്ന് വിലയിരുത്തിയപ്പോൾ ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്ന മറുപടിയുമായും ആളുകൾ രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.