പത്തുപതിനഞ്ച് തവണ തന്നെ അടിച്ചു; കസ്റ്റഡിയിൽ ക്രൂരമർദനം നേരിട്ടുവെന്ന് സ്വർണക്കടത്ത്കേസ് പ്രതി രന്യ റാവു
text_fieldsബംഗളൂരു: ഡി.ആർ.ഐ കസ്റ്റഡിയിൽ തനിക്കുനേരെ ശാരീരിക ആക്രമണം നടത്തിയതായി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നട താരം രന്യ റാവു. അന്വേഷണ ഉദ്യോഗസ്ഥർ നിരവധി തവണ മർദിച്ചതായും ഭക്ഷണം തരാതെ ബുദ്ധിമുട്ടിച്ചെന്നും വെള്ളക്കടലാസുകളിൽ ഒപ്പിട്ട് വാങ്ങിയെന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അഡീ. ഡയറക്ടർ ജനറലിന് അയച്ച കത്തിൽ ആരോപിച്ചു. തനിക്കെതിരെ ഉയർന്നത് തികച്ചും വ്യാജമായ ആരോപണമാണെന്നും താൻ നിരപരാധിയാണെന്നും രന്യ കത്തിൽ വ്യക്തമാക്കുന്നു.
ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ ചീഫ് സൂപ്രണ്ട് മുഖേനയാണ് കത്തയച്ചത്. വിമാനത്തിനുള്ളിൽനിന്ന് തന്നെ അറസ്റ്റ് ചെയ്യുകയും വിശദീകരണം നൽകാൻ അവസരം നൽകാതെ ഡി.ആർ.ഐ കസ്റ്റഡിയിലെടുക്കുകയും ചെയ്തെന്നും രന്യ പറയുന്നു. 12.56 കോടി രൂപയുടെ സ്വർണക്കട്ടികൾ അരയിൽ ഒളിപ്പിച്ച നിലയിൽ ബംഗളൂരു വിമാനത്താവളത്തിൽനിന്നുമാണ് നടിയെ അറസ്റ്റ് ചെയ്തത്.
ഡി.ജി.പി രാമചന്ദ്ര റാവുവിന്റെ വളർത്തു മകളാണ് രന്യ റാവു. ഡി.ആർ.ഐ ഉദ്യോഗസ്ഥർ തയാറാക്കിയ സ്റ്റേറ്റ്മെന്റിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെ തനിക്കുനേരെ തുടർച്ചയായി ആക്രമണങ്ങളാണ് ഉണ്ടായതെന്നും കത്തിൽ പറയുന്നു. പിന്നീട് കടുത്ത സമ്മർദത്തിന്റെ ഫലമായി 50 മുതൽ 60 പേജുകളുള്ള ടൈപ്പ് ചെയ്ത രേഖകളിലും 40 പേജുകളുള്ള ഒന്നും എഴുതാത്ത വെള്ളപേപ്പറുകളിലും ഒപ്പിട്ട് നൽകേണ്ടി വന്നതായും പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്തപ്പോൾമുതൽ കോടതിയിൽ ഹാജരാക്കുന്നതുവരെ തനിക്ക് നേരെ ശാരീരിക ആക്രമണം ഉണ്ടായതായി നടി കത്തിൽ പറയുന്നു. ഇതിൽ ഒരു ഉദ്യോഗസ്ഥൻ 10 മുതൽ 15 വട്ടം അടിച്ചതായും അദ്ദേഹത്തെ തിരിച്ചറിയാൻ സാധിക്കുമെന്നും അവർ പറയുന്നു.
ബംഗളൂരു പ്രത്യേക കോടതി നടിയുടെ ജാമ്യ ഹരജി തള്ളിയതിന് പിന്നാലെയാണ് കത്ത് പുറത്തുവന്നത്. മൂന്ന് ദിവസം ഡി.ആർ.ഐ കസ്റ്റഡിയിലായിരുന്ന രന്യയെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടത്. കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം ഡൽഹിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.