ബലാത്സംഗ കൊല: അതിവേഗ ശിക്ഷ വേണമെന്ന് പാർലമെന്റ്
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ബലാത്സംഗ കേസുകൾ വർധിക്കുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് പാർലമെൻറ്. ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ ഇരയായ സംഭവത്തിെൻറയും മറ്റും പശ്ചാത്തലത്തിൽ, ഇത്തരം കേസുകളിൽ കുറ്റക്കാർക്ക് കർക്കശ ശിക്ഷ ഉറപ്പാക്കണമെന്ന് ലോക്സഭാംഗങ്ങൾ ആവശ്യപ്പെട്ടു. വിഷയത്തിെൻറ ഗൗരവം ഉൾക്കൊള്ളാതെയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തുടക്കത്തിൽ ഹൈദരാബാദ് സംഭവത്തെ കണ്ടതെന്ന് കോൺഗ്രസിലെ ഉത്തംകുമാർ റെഡ്ഢി കുറ്റപ്പെടുത്തി.
കോയമ്പത്തൂരിൽ സ്കൂൾ വിദ്യാർഥി ലൈംഗികാതിക്രമത്തിന് ഇരയായ വിഷയം ഡി.എം.കെയിലെ ടി.ആർ. ബാലു ഉന്നയിച്ചു. ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് തൃണമൂൽ കോൺഗ്രസിലെ സൗഗത റോയി ആവശ്യെപ്പട്ടു. ഡൽഹിയിൽ നടന്ന നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഇനിയും നടപ്പാക്കാത്തത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ബിജു ജനതാദളിലെ പിനാകി മിശ്ര പറഞ്ഞു. വിചാരണ അതിവേഗം പൂർത്തിയാക്കി ബലാത്സംഗ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നീതിനിർവഹണം വേഗത്തിൽ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ക്രിമിനൽ നടപടിച്ചട്ടത്തിലും ഇന്ത്യൻ ശിക്ഷ നിയമത്തിലും ഭേദഗതിക്ക് സർക്കാർ തയാറാണെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി പറഞ്ഞു. അതിക്രൂരമായ ബലാത്സംഗ കേസുകളിൽ ദയാഹരജി കേൾക്കുന്നതിനുള്ള അവസരംപോലും നൽകേണ്ടതില്ലെന്ന് രാജ്യസഭയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു.
കുറ്റവാളികളെ ശിക്ഷിച്ചാൽ കൂടി അപ്പീൽ, ദയാഹരജി എന്നിങ്ങനെ നടപടികൾ നീളുന്നു. അത്തരക്കാരോട് ദയ വേണമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? വെങ്കയ്യ നായിഡു ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.