ബലാത്സംഗ കുറ്റത്തിന് തടവില്‍ കഴിയുന്ന ഗുര്‍മീതിന് വി.വി.ഐ.പി ചികിത്സ
text_fieldsചണ്ഡീഗഢ്: ബലാത്സംഗ കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ (ഡി.എസ്.എസ്) തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ആശുപത്രിയില്‍ വി.വി.ഐ.പി ചികിത്സ. രക്ത സമ്മര്‍ദത്തെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നല്‍കുകയായിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി തയാറാക്കിയിട്ടുണ്ട്.
ഗുര്‍മീത് ബുധനാഴ്ചയാണ് രക്ത സമ്മര്‍ദത്തെക്കുറിച്ച് ജയില്‍ അധികൃതരോട് പരാതിപ്പെട്ടത്. തുടര്‍ന്ന് ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും മെച്ചപ്പെട്ട പരിചരണത്തിനായി രോഹ്തകിലെ പി.ജി.ഐ.എം.എസിലേക്ക് മാറ്റാന്‍ ശിപാര്‍ശ ചെയ്യുകയുമായിരുന്നു.
ഹരിയാനയിലെ സിര്‍സ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേരാ സച്ച സൗദ വിഭാഗത്തിന്റെ 53 കാരനായ മേധാവിയായ ഗുര്‍മീത് തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ജയിലിലായത്. 2017 മുതല്‍ റോഹ്താക്കിലെ സുനാരിയ ജയിലില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശമനമില്ലാതെ തുടരുന്ന രാജ്യത്ത് വൈദ്യസഹായം ലഭിക്കാതെ, ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ ജനം മരിച്ചുവീഴുമ്പോഴാണിതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതോടെ ജയില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗുര്‍മീതിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഹരിയാന പ്രിസണ്‍ ഡയറക്ടര്‍ ജനറല്‍ ശത്രുജീത് സിങ് കപൂര്‍ പ്രതികരിച്ചു. ഗുര്‍മീതിന് പ്രത്യേകം ചികിത്സ നല്‍കുന്നതായി ആശുപത്രി സൂപ്രണ്ടും സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.