മകൾ ഹണിപ്രീതിന് പുതിയ പേരിട്ട് ഗുർമീത് റാം റഹീം സിങ്; പേരുമാറ്റത്തിന് വിചിത്ര വാദവുമായി 'ക്രിമിനൽ ബാബ'
text_fieldsമകൾ ഹണിപ്രീതിന് പുതിയ പേരിട്ടതായി ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ ആൾദൈവമാണ് 'ക്രിമിനൽ ബാബ' എന്നറിയപ്പെടുന്ന ഗുർമീത് റാം റഹീം. ഹരിയാനയിലെ സുനാരിയ ജയിലിൽനിന്ന് 40 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദംപൂർ ഉപതിരഞ്ഞെടുപ്പിനും പഞ്ചായത്ത് തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഇയൾക്ക് പരോൾ നൽകിയത്.
റാം റഹീം സിങിന്റെ ദത്തുപുത്രിയാണ് ഹണിപ്രീത് സിങ് ഇൻസാൻ. ഇപ്പോൾ 41 വയസ്സുള്ള ഹണിപ്രീതിന്റെ യഥാർഥ പേര് പ്രിയങ്ക തനേജയെന്നാണ്. ഇനിമുതൽ തന്റെ മകൾ 'റുഹാനി ദീദി' എന്നറിയപ്പെടുമെന്നാണ് ഇയാൾ പറയുന്നത്. 'ഞങ്ങളുടെ മകളുടെ പേര് ഹണിപ്രീത് എന്നാണ്. എല്ലാവരും അവളെ 'ദീദി' എന്നാണ് വിളിക്കുന്നത്. പല പേരുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അതിനാൽ ഞങ്ങൾ അവൾക്ക് 'റുഹാനി ദീദി' എന്ന് പേരിട്ടു. 'റൂഹ് ദി' എന്ന് ഉച്ചരിക്കാൻ എളുപ്പമുള്ള രീതിയിൽ അതിനെ വിളിക്കാനും പറ്റും'-ആൾദൈവം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ഹണിപ്രീതും പല കേസുകളിലും റാം റഹീ സിങിന്റെ കൂട്ടുപ്രതിയാണ്. ദേര തലവനെ രക്ഷപ്പെടാൻ സഹായിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കേസ് അവർക്കെതിരേ ഉണ്ട്. സിർസയിലുള്ള തന്റെ ആശ്രമത്തിൽ വെച്ച് രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തതിനാണ് റാം റഹീം ശിക്ഷിക്കപ്പെട്ടത്. വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ദേര അനുകൂലികൾ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിന്റെ പേരിൽ ഹണിപ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് നടന്ന അക്രമത്തിൽ 38 പേർ കൊല്ലപ്പെട്ടതായി പോലീസ് പറയുന്നു.
ഹരിയാനയിലെ ആദംപൂർ ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിനാണ് നടക്കുക. സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പും ഉടൻ നടക്കാനിരിക്കുകയാണ്. അതിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ജയിലിൽ നിന്നിറങ്ങിയ ശേഷം ശനിയാഴ്ച ഉത്തർപ്രദേശിലെ ആശ്രമത്തിൽ നിന്ന് ഗുർമീത് സിങ് വിഡിയോ സന്ദേശം പുറത്തു വിട്ടിട്ടുണ്ട്. അതിൽ തന്റെ അനുയായികളോട് അവരുടെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കരുതെന്നും വിഭാഗത്തിലെ മുതിർന്നവർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെടുന്നു.
'സെന്റ് എം.എസ്. ജി' എന്ന തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വിഡിയോയിലാണ് ഗുർമീത് സിങ് വിഭാഗത്തിലെ മുതിർന്നവർ പറയുന്നതുപോലെ പ്രവർത്തിക്കണമെന്ന് അനുയായികളോട് ആവശ്യപ്പെടുന്നത്. എന്നാൽ വിഡിയോ രാഷ്ട്രീയ സന്ദേശമല്ലെന്ന് ദേര വക്താക്കൾ പറഞ്ഞു. അനുയായികൾ സംയമനം പാലിക്കണമെന്നും ഉത്തർപ്രദേശ് ആശ്രമത്തിലേക്ക് തിരക്കുകൂട്ടി വരേണ്ടതില്ലെന്നും തിക്കും തിരക്കും സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും ആണ് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല.' ദേര വക്താവ് ജിതേന്ദർ ഖുറാന പ്രസ്താവനയിൽ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേര മേധാവിക്ക് പരോൾ ലഭിക്കുന്നത് ഇതാദ്യമല്ല. ഫെബ്രുവരി 20ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് 21 ദിവസം ബാക്കിനിൽക്കെ ഗുർമീത് റാം റഹീം മൂന്നാഴ്ചത്തെ അവധിയിൽ ജയിൽ മോചിതനായിരുന്നു. ദേരയുടെ ആസ്ഥാനമായ സിർസയിലെ ആശ്രമത്തിൽ വച്ച് അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷയാണ് ഗുർമീത് സിങ് അനുഭവിക്കുന്നത്.
2017 ആഗസ്റ്റിൽ പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. 16 വർഷങ്ങൾക്ക് മുമ്പ് ഒരു മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയതിന് ദേര മേധാവിയും മറ്റ് മൂന്ന് പേരും 2019ൽ ശിക്ഷിക്കപ്പെട്ടു. 2002ൽ ദേര മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് മറ്റ് നാല് പേർക്കൊപ്പം കഴിഞ്ഞ വർഷവും ഇയാളെ ശിക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.