ബലാത്സംഗം ഭാര്യയോടായാൽ പോലും ബലാത്സംഗം തന്നെ -ഗുജറാത്ത് ഹൈകോടതി
text_fieldsഅഹമ്മദാബാദ്: ബലാത്സംഗം ഭാര്യക്കെതിരെ ആയാൽ പോലും ബലാത്സംഗം തന്നെയാണെന്ന് ഗുജറാത്ത് ഹൈകോടതി. ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ മൂടിവെച്ച് നിശബ്ദമാക്കപ്പെടുന്നത് തകർക്കേണ്ടതുണ്ടെന്നും ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു.
ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ അക്രമ സംഭവങ്ങൾ ഡാറ്റ സൂചിപ്പിക്കുന്നതിലും വളരെ കൂടുതലാണ്. അക്രമത്തിന് വിധേയമാകുന്ന സാഹചര്യത്തിൽ സ്ത്രീകൾ തുടരുകയാണെന്നും ജസ്റ്റിസ് ദിവ്യേഷ് ജോഷി പറഞ്ഞു. പൂവാല ശല്യം, വാക്കുകൾകൊണ്ട് ആക്രമിക്കൽ, വേട്ടയാടൽ തുടങ്ങിയ പെരുമാറ്റങ്ങൾ സാധാരണ ചെറിയ കുറ്റങ്ങളായി ചിത്രീകരിക്കുകയാണ്. ഇവ നിർഭാഗ്യവശാൽ സിനിമയിലടക്കം നിസ്സാരമായി ചിത്രീകരിക്കുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ആക്രമിക്കുകയോ ബലാത്സംഗത്തിനിരയാകുകയോ ചെയ്ത മിക്ക കേസുകളിലും അക്രമി ഭർത്താവാണെങ്കിൽ അയാൾ ഒഴിവാക്കപ്പെടുന്നു. എന്നാൽ ഇത് അങ്ങനെ കണക്കാക്കാൻ കഴിയില്ല. അയാളും മനുഷ്യനാണ്. അയാളുടെ പ്രവൃത്തിയും ഒരു പ്രവൃത്തി തന്നെയാണ്. ബലാത്സംഗം ബലാത്സംഗം തന്നെയാണ്. അത് ഒരു പുരുഷൻ സ്ത്രീയോട് ചെയ്താലും ഭർത്താവ് ഭാര്യയോട് ചെയ്താലും -കോടതി വ്യക്തമാക്കി.
മരുമകളെ ഭീഷണിപ്പെടുത്തി ഭർത്താവും മകനും ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഗുജറാത്തിൽ അറസ്റ്റിലായ സ്ത്രീയുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഭരണഘടന സ്ത്രീയെ പുരുഷന് തുല്യമായി പരിഗണിക്കുന്നുവെന്നും വിവാഹത്തെ തുല്യതയുള്ളവരുടെ കൂട്ടായ്മയായാണ് കണക്കാക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.