റിപ്പബ്ലിക് ദിനത്തിൽ ബലാത്സംഗവും വെടിവെപ്പും; നിയമവാഴ്ചയെ പുകഴ്ത്തി ബിഹാർ ഗവർണർ ആരിഫ് ഖാൻ
text_fieldsപട്ന: റിപ്പബ്ലിക് ദിനത്തിലെ രണ്ട് ക്രൂര സംഭവങ്ങളിൽ നടുങ്ങി ബിഹാർ. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ സ്‌കൂളിലേക്ക് പോകുന്നതിനിടെ 10 വയസുകാരി ബലാത്സംഗത്തിനിരിയായി. സ്‌കൂളിലെ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അധ്യാപകന് വെടിയേറ്റ് ഗുരുതര പരിക്കേറ്റു.
സംസ്ഥാനത്ത് നിയമവാഴ്ച നിലനിൽക്കുന്നുവെന്നും അത് സർക്കാറിന്റെ പ്രഥമ പരിഗണനയാണെനന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ റിപ്പബ്ലിക് ദിന പ്രസംഗം നടത്തിയ അതേ ദിവസം നടന്ന ക്രൂരകൃത്യങ്ങൾ വിരോധാഭാസമായി. ഖാൻ കേരളത്തിൽ നിന്ന് ഇവിടേക്ക് മാറിയതിനു ശേഷമുള്ള തന്റെ ആദ്യ റിപ്പബ്ലിക് ദിന ചടങ്ങായിരുന്നു ഇത്.
സർക്കാറും ഭരണാധികാരികളും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ മോഷണം, കവർച്ച, കൊലപാതകം തുടങ്ങി മറ്റ് നിരവധി സംഭവങ്ങളും ബീഹാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഭോജ്പൂർ ജില്ലയിലെ ഒരു പ്രദേശത്തെ സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായത്. കുട്ടിയെ ബലം പ്രയോഗിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. വിവരമറിഞ്ഞ് രോഷാകുലരായ നാട്ടുകാർ തെരുവിലിറങ്ങി.
മറ്റൊരു സംഭവത്തിൽ, ഭോജ്പൂരിലെ ബഹോറൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചമ്പാർ ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായ യോഗേന്ദ്ര പ്രസാദിനെ റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുമ്പോൾ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ വെടിവെച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
‘സംസ്ഥാനത്ത് നിയമവാഴ്ച സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അത് നിലനിർത്തുക എന്നതാണ് സർക്കാറിന്റെ ഏറ്റവും മുൻഗണന’ എന്നായിരുന്നു പട്‌നയിലെ ഗാന്ധി മൈതാനിയിൽ നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ പറഞ്ഞത്.
കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും സർക്കാർ ആസൂത്രിതമായി പ്രവർത്തിക്കുന്നു. അത് മെച്ചപ്പെടുത്തുന്നതിനായി പൊലീസുകാരുടെ എണ്ണം വർധിപ്പിച്ചു. എല്ലാ ഔട്ട്‌പോസ്റ്റുകളും പൊലീസ് സ്റ്റേഷനുകളാക്കി മാറ്റി. പൊലീസ് വാഹനങ്ങളും മറ്റ് ആവശ്യ സൗകര്യങ്ങളും ലഭ്യമാക്കിയെന്നും ഖാൻ കൂട്ടിച്ചേർത്തു.
അടിയന്തര ഡയൽ സേവനമായ ‘112’ ഇതുവരെ 20 ലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്തു. സാമുദായിക സൗഹാർദം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. വർഗീയ സംഘർഷം പുറത്തുവരുമ്പോൾ പൊലീസും ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കുമെന്നും ഖാൻ പറയുകയുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.