ബലാത്സംഗത്തിനിരയായ 16കാരിയെയും പ്രതിയെയും കെട്ടിയിട്ട് മർദ്ദിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു
text_fieldsഭോപാൽ: മധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും പ്രതിയുടെയും കൈകൾ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിച്ചശേഷം 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ച് റോഡിലൂടെ നടത്തിച്ച് ഗ്രാമീണർ. ആദിവാസി ഭൂരിപക്ഷ മേഖലയായ അലിരാജ്പുർ ജില്ലയിലാണ് സംഭവം.
ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങൾ ഉയർത്തി പെൺകുട്ടിയെയും പ്രതിയെയും കയറിൽ കെട്ടിയിട്ട് അടിക്കുകയും വഴിയിലൂടെ നടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചു. സംഭവത്തെ തുടർന്ന് ബലാത്സംഗ പ്രതിയെയും ഗ്രാമവാസികളായ അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
സമീപ ഗ്രാമത്തിലെ 21കാരനായ യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി 16കാരി തുറന്നുപറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ബന്ധുക്കൾ യുവാവിനെയും തന്നെയും മർദ്ദിക്കുകയും കൈകൾ കെട്ടിയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.
16കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായി സബ് ഡിവിഷനൽ ഓഫിസർ ദിലീപ് സിങ് ബിൽവാൽ പറഞ്ഞു. 'പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 21കാരനെതിരെയാണ് ഒരു കേസ്. പെൺകുട്ടിയെയും യുവാവിനെയും മർദിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച ഗ്രാമവാസികൾക്കും പെൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെയാണ് മറ്റൊരു കേസ്' -ദിലീപ് സിങ് ബിൽവാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.