ബലാത്സംഗ കേസിൽ ഇര കൂറുമാറിയാലും ശിക്ഷ വിധിക്കാം- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ പരാതിക്കാരി മൊഴിമാറ്റിയാലും മറ്റുതെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാമെന്ന് സുപ്രീംകോടതി. കേസിൽ പ്രതികളെ രക്ഷിക്കാൻ മൊഴിമാറ്റുന്ന പരാതിക്കാരിക്കെതിരെയും നടപടിയെടുക്കാം. പരാതിക്കാരി കൂറുമാറിയിട്ടും ഗുജറാത്തിൽ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഹേമുദാൻ നൻഭ ഗദ്വിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈകോടതി വിധി ശരിെവച്ചാണ് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, നവീൻ സിൻഹ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പരാതിക്കാരി മൊഴിമാറ്റിയെന്ന ഒറ്റക്കാരണത്താൽ പ്രതിയെ കുറ്റമുക്തനാക്കുന്നത് നീതിയെ പരിഹസിക്കുന്നതിന് തുല്യമാണ്. മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. മെഡിക്കൽ റിപ്പോർട്ടുൾെപ്പടെയുള്ള മറ്റുതെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണചെയ്ത് പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണം. സത്യം തേടിയുള്ള അന്വേഷണമാണ് വിചാരണകൾ. സത്യം പുറത്തുകൊണ്ടുവരാൻ എല്ലാ പരിശ്രമങ്ങളും നടത്തണം. ഒമ്പതാം വയസ്സിൽ നടന്നതും പെൺകുട്ടി കുടുംബമായി താമസിക്കുന്നതും മറ്റും പരിഗണിച്ച് ഇൗ കേസിൽ പരാതിക്കാരിയെ ശിക്ഷിക്കുന്നില്ലെന്ന് സുപ്രീകോടതി വ്യക്തമാക്കി.
തിരിച്ചറിയൽ പരേഡിൽ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, വിചാരണ ഘട്ടത്തിൽ മൊഴിമാറ്റുകയായിരുന്നു. വിചാരണ വൈകിയതും നിർധന കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെ സ്വാധീനിക്കാൻ പ്രതിക്ക് കഴിഞ്ഞെന്നും വിലയിരുത്തിയ ഹൈകോടതി മറ്റു തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.