അഴിയിലാക്കുംവരെ മൊഴിയിൽ ഉറച്ച് അവൾ
text_fieldsസിർസ: ആഡംബരത്തിൽ അഭിരമിച്ച്, കോടികൾ അമ്മാനമാടി നാടെങ്ങും വിലസിനടന്ന ആൾദൈവത്തെ അഴിക്കുള്ളിലാക്കിയത് ഒരു സാധാരണ യുവതിയുടെ ഉലയാത്ത നിലപാട്. ‘‘അന്നും ഇന്നും ഞാനയാളെ പേടിച്ചിട്ടില്ല’’ -ഉറച്ച ശബ്ദത്തിൽ അവൾ പറയുന്നു. ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിനെതിരെ കോടതിയിൽ സി.ബി.െഎ ഹാജരാക്കിയ 18 സ്ത്രീകളിൽ നിർഭയം മൊഴിയിൽ ഉറച്ചുനിന്നത് ഇവർ മാത്രമാണ്. ‘‘2002ലാണ് കേസിന് തുടക്കം. 2009ൽ ഞാൻ മൊഴി നൽകുേമ്പാൾ കോടതിയിൽ അയാളുമുണ്ടായിരുന്നു. എനിക്കിപ്പോൾ നീതി കിട്ടി’’ -അവർ പറയുന്നു. ഇപ്പോൾ 40കാരിയായ അവർ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. കുരുക്ഷേത്രയിലാണ് താമസം. 2002 മുതൽ പൊലീസ് സംരക്ഷണയിലുമാണ്.
ബാബ സത്നാം സിങ് ദേരയുടെ മേധാവിയായിരുന്ന കാലം മുതൽ ആശ്രമ അനുയായികളാണ് പെൺകുട്ടിയുടെ കുടുംബം. 1999ൽ ദേര ആശ്രമത്തിനു കീഴിലെ സ്കൂളിൽ അധ്യാപികയായാണ് അവർ എത്തുന്നത്. അവിടെയെത്തി അധികം കഴിയുംമുേമ്പ നിരവധി പെൺകുട്ടികൾ ആശ്രമത്തിൽ ലൈംഗികചൂഷണത്തിനിരയാക്കപ്പെടുന്നതായി മനസ്സിലാക്കിയെന്ന് അവർ പറയുന്നു.
റാം റഹീം താമസിക്കുന്ന അറക്കുമുന്നിൽ പെൺകുട്ടികളെയാണ് കാവൽക്കാരായി നിയോഗിച്ചിരുന്നത്. ഒരു ദിവസം തന്നെയും കാവൽ നിർത്തി. അന്ന് കാവൽ നിന്ന മറ്റൊരു പെൺകുട്ടിയെ ഗുർമീത് അറയിലേക്ക് വിളിപ്പിച്ചു. കുറച്ചു കഴിഞ്ഞ് പൊട്ടിക്കരഞ്ഞാണ് അവൾ പുറത്തുവന്നത്. പല ദിവസങ്ങളിലും പല പെൺകുട്ടികളിലൂടെ ഇതാവർത്തിച്ചു. ഒരു ദിവസം തന്നെയും ദേര തലവൻ അറയിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചതായി യുവതി പറഞ്ഞു. ഇക്കാര്യം അവർ അപ്പോൾതന്നെ വീട്ടിൽ പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയുമായി ആശ്രമം വിടുകയായിരുന്നു. സാധാരണ കർഷക കുടുംബമാണ് ഇവരുടേത്.
യുവതിയുടെ സഹോദരൻ 2002ൽ റാം റഹീമിെൻറ അനുയായികളാൽ വെടിേയറ്റു കൊല്ലപ്പെടുകയായിരുന്നു. ആശ്രമ അനുയായികൂടിയായിരുന്നു യുവാവ്. സഹോദരനാണ് സി.ബി.െഎ കേസിലേക്ക് നയിക്കാൻ കാരണമായ കത്ത് ഹൈകോടതിക്ക് അയച്ചതെന്നാണ് റാം റഹീം കരുതിയത്. ആശ്രമത്തിെല മറ്റൊരു സന്യാസിനിയാണ് ഇൗ കത്തെഴുതിയതെന്ന് പിന്നീട് വെളിപ്പെട്ടു. ഇൗ കേസിൽ സി.ബി.െഎ അന്വേഷണം പൂർത്തിയാക്കി അടുത്തമാസം 16ന് വാദം തുടങ്ങാനിരിക്കുകയാണ്. അതിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഇവരുടെ പിതാവ് കഴിഞ്ഞ വർഷമാണ് മരിച്ചത്. അതുവരെ കേസിെൻറ ആവശ്യങ്ങൾക്കെല്ലാം കോടതി കയറിയിറങ്ങിയത് അദ്ദേഹമായിരുന്നു. 2009ൽ കോടതിയിൽ മൊഴി കൊടുക്കാൻ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയതും പിതാവായിരുന്നു. അപ്പോൾ മാത്രമാണ് പെൺകുട്ടി കേസിനുവേണ്ടി കോടതി കയറിയത്. കോടതിയിൽ ഗുർമീതിെൻറ അനുയായികൾ ആയുധങ്ങളുമായാണ് എത്തിയിരുന്നതെന്നും അവർ കേസ് പിൻവലിക്കാനാവശ്യപ്പെട്ട് നിരന്തരം ഭീഷണി മുഴക്കിയിരുന്നതായും യുവതിയുടെ ബന്ധു പറഞ്ഞു. 20 വർഷം ജയിൽശിക്ഷ ലഭിച്ചുവെന്ന് കേട്ടപ്പോൾ ഗുർമീത് കോടതിയുടെ ദയാവായ്പിനായി യാചിച്ചുവെന്നും പൊട്ടിക്കരഞ്ഞുവെന്നുമെല്ലാം അഭിഭാഷകരിൽനിന്ന് അറിഞ്ഞതായും കോടതി വിടാൻ മടിച്ചപ്പോൾ കമാൻഡോകൾ ഗുർമീതിനെ വലിച്ചിഴച്ചെന്ന് കേട്ടുവെന്നും ബന്ധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.