ദേശീയപാതയിലെ കൂട്ടമാനഭംഗം: കേസ് ഒതുക്കാൻ യു.പി പൊലീസ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ കൊലക്കും കൂട്ടമാനഭംഗത്തിനും കൊള്ളക്കും ഇരയായ ജേവറിലെ ന്യൂനപക്ഷ കുടുംബത്തിനുമേൽ കടുത്ത പൊലീസ് സമ്മർദം. ക്രമസമാധാനപ്രശ്നങ്ങൾ അടിക്കടി പൊന്തിവരുന്ന യു.പിയിൽ ബി.ജെ.പി സർക്കാറിെൻറ മുഖംരക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് പരാതി ഉയർന്നു.
മാനംഭംഗത്തിനിരയായ സ്ത്രീകൾ നൽകിയ പരാതി പിൻവലിക്കാൻ പൊലീസ് സമ്മർദം ചെലുത്തുകയാണ്. അനുസരിച്ചില്ലെങ്കിൽ തങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടാവില്ലെന്ന് ഗൗതം ബുദ്ധ നഗർ സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞതായി ഇരകളായ സ്ത്രീകൾ ആരോപിച്ചു. മാനഭംഗത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് നൽകാൻ നോയ്ഡ സെക്ടർ-30 ജില്ല ആശുപത്രി മെഡിക്കൽ ഒാഫിസറും വിസമ്മതിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ മാനഭംഗം നടന്നിട്ടില്ലെന്ന നിലപാടാണ് മെഡിക്കൽ ഒാഫിസറും സ്വീകരിച്ചത്. വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കണമെന്ന് കൈയൊഴിയുകയാണ് മെഡിക്കൽ സൂപ്രണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയുടെ ശസ്ത്രക്രിയക്ക് വേണ്ട പണവുമായി കാറിൽ പോവുകയായിരുന്ന കുടുംബത്തെ കൊള്ളയടിച്ച് ആറംഗ ആക്രമിസംഘം വ്യാഴാഴ്ചയാണ് കുടുംബത്തിലെ ഒരാളെ വെടിവെച്ചു കൊല്ലുകയും നാലു സ്ത്രീകളെ മാനഭംഗത്തിന് ഇരയാക്കുകയും ചെയ്തത്. 47,500 രൂപ കവരുകയും ചെയ്തു. ഗ്രേറ്റർ നോയ്ഡയിലെ ജേവർ-ബുലന്ദ്ശഹർ ദേശീയപാതയിൽ കാറിെൻറ ടയർ പഞ്ചറാക്കിയശേഷം വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ജേവറിലെ വീട്ടിലെത്തി ഇരകളെ സന്ദർശിച്ച സി.പി.െഎ ദേശീയ സെക്രട്ടറി ഡോ. കെ. നാരായണയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കേസ് തേച്ചുമായ്ച്ചുകളയാനുള്ള ഉത്തർപ്രദേശ് ഭരണകൂടത്തിെൻറ ശ്രമങ്ങൾ വെളിപ്പെടുത്തിയത്. കൊള്ളസംഘം മുഖം മൂടിയിരുന്നുവെങ്കിലും മൂന്നു പേരെ കണ്ടാൽ തിരിച്ചറിയാമെന്ന് സ്ത്രീകൾ പറഞ്ഞതായി നാരായണ അജോയ് ഭവനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മെഡിക്കൽ ഒാഫിസർ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനം നടത്തി സ്ത്രീകൾ മാനഭംഗത്തിനിരയായതായി പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്ന് പറഞ്ഞതായും നാരായണ അറിയിച്ചു.
ഗൗതംബുദ്ധ നഗർ എസ്.എസ്.പിയെയും മെഡിക്കൽ ഒാഫിസറെയും ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കണം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപയും മറ്റുള്ളവരുടെ കുടുംബത്തിന് 15 ലക്ഷം രൂപ വീതവും നൽകാൻ തയാറാകണം. കെ. നാരായണക്കൊപ്പം ഇൻസാഫ് ജന. സെക്രട്ടറി ഡോ. എ.എ. ഖാനും എ.െഎ.എസ്.എഫ് ജനറൽ സെക്രട്ടറി വിശ്വജിത്ത് കുമാറും പ്രാദേശിക നേതാവുമാണ് ഇരകളെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.