സ്വപ്നത്തിൽ ബലാത്സംഗം ചെയ്യുന്നുവെന്ന്; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി
text_fieldsഔറംഗാബാദ്: ക്ഷേത്രത്തിലെ മന്ത്രവാദി സ്വപ്നത്തിൽ വന്ന് തന്നെ നിരന്തരം ബലാത്സംഗം ചെയ്യുന്നതായി യുവതിയുടെ പരാതി. ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ യുവതിയാണ് പൊലീസിൽ രേഖാമൂലം പരാതി നൽകിയത്.
ഈ വർഷം ജനുവരിയിൽ രോഗിയായ മകന് ചികിത്സ തേടിയാണ് യുവതി മന്ത്രവാദിയുടെ അടുത്തെത്തിയത്. മരുന്നായി മന്ത്രം പറഞ്ഞുകൊടുത്ത മന്ത്രവാദി ചില ആചാരപരമായ പ്രക്രിയകൾ ചെയ്യുവാനും ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. ഇതൊക്കെ കൃത്യമായി അനുഷ്ടിച്ചിട്ടും 15 ദിവസത്തിനുശേഷം അസുഖം മൂർച്ഛിച്ച് ഇവരുടെ മകൻ മരിച്ചു.
തുടർന്ന്, മകന്‍റെ അകാല മരണത്തിന് കാരണം തിരക്കി യുവതി മന്ത്രവാദിയുടെ അടുക്കൽ തിരിച്ചെത്തി. ഇതിനുപിന്നാലെയാണ് ഇയാൾ തന്നെ സ്വപ്നത്തിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്ന് യുവതി പറയുന്നു. മരിച്ചുപോയ തന്‍റെ മകൻ വന്ന് ആദ്യദിവസത്തെ ശ്രമം തടഞ്ഞതിനാൽ താൻ രക്ഷപ്പെട്ടതായും ഇവർ പരാതിയിൽ പറഞ്ഞു. എന്നാൽ, പിന്നീട് തന്‍റെ സ്വപ്നങ്ങളിൽ മന്ത്രവാദി തുടരെ തുടരെ പ്രത്യക്ഷപ്പെടുകയാണെന്നും തന്നെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുന്നുവെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. രേഖാമൂലം പരാതി ലഭിച്ചതോടെ പൊലീസ് നടപടിയെടുക്കാൻ നിർബന്ധിതരായി. തുടർന്ന്, മന്ത്രവാദിെയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഒടുവിൽ, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതായി പൊലീസ് പറഞ്ഞു.
"സ്ത്രീ മാനസികമായി ആരോഗ്യമില്ലാത്തവളാണെന്ന് തോന്നുന്നു. പൊലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളുമായി ബന്ധപ്പെടുകയും അവരെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്" -ഔറംഗബാദ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ലളിത് നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.