ഡെങ്കി രോഗ മുക്തനിൽ അപൂർവ ഫംഗസ് ബാധ
text_fieldsന്യൂഡൽഹി: ഡെങ്കിപ്പനിയിൽനിന്ന് രോഗ മുക്തി നേടിയ ഗ്രേറ്റർ നോയിഡ സ്വദേശിയിൽ അപൂർവ ഫംഗസ ബാധ (മ്യുകോർമൈകോസിസ്) കണ്ടെത്തി. 15 ദിവസം മുമ്പ് രോഗമുക്തി നേടിയ താലിബ് മുഹമ്മദാണ് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
നേരത്തെ, കോവിഡ് രോഗ മുക്തരായവരിൽ ഇത്തരത്തിൽ കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന ഫംഗസ് ബാധയുമായി നിരവധി പേർ ചികിത്സ തേടിയിരുന്നു. ഒരു കണ്ണിലെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെട്ടതിനെ തുടർന്ന് താലിബ് ചികിത്സ തേടി എത്തിയപ്പോഴാണ് അപൂർവ ഫംഗസ് ബാധ ശ്രദ്ധയിൽപെട്ടതെന്ന് ആശുപത്രിയിലെ സീനിയർ ഇ.എൻ.ടി കൺസൾട്ടൻറ് ഡോ. സുരേഷ് സിങ് നരൂക പറഞ്ഞു. ഡെങ്കി മുക്തരായവരിൽ അപൂർവങ്ങളിൽ അപൂർവമാണിത്.
പ്രമേഹം, രോഗ പ്രതിരോധ ശേഷി കുറവുള്ളവർ, മറ്റു അണുബാധയുള്ളവർ എന്നിവരിൽ മാത്രമാണ് പൊതുവായി ഇത്തരത്തിൽ ഫംഗസ് ബാധയുണ്ടാകുന്നത്. ചികിത്സ വൈകുന്നത് ആരോഗ്യനില കൂടുതൽ ഗുരുതരമാകാനിടയുണ്ടെന്നും ഡോക്ടർ പറഞ്ഞു. കോവിഡ് രണ്ടാംതരംഗത്തിൽ രോഗ മുക്തി നേടിയവരിൽ വ്യാപകമായി ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു.
അന്തരീക്ഷത്തിലുള്ള മ്യൂക്കോർമിസെറ്റ്സ് എന്ന ഒരു തരം പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവ രോഗമാണ് ബ്ലാക്ക് ഫംഗസ്. ആരോഗ്യ പ്രശ്നമുള്ളവർ, ശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.