യു.പിയിലെ ദുദ്‍വ നാഷണൽ പാർക്കിൽ അപൂർവയിനം പാമ്പുകളെ കണ്ടെത്തി
text_fieldsലക്നോ: യു.പിയിലെ ദുദ്‍വ നാഷണൽ പാർക്കിൽ രണ്ട് അപൂർവയിനം പാമ്പുകളെ കണ്ടെത്തി. പാർക്കിന്റെ ജൈവ സമ്പന്നതക്ക് അടിവരയിടുന്ന കണ്ടെത്തൽ പരിസ്ഥിതി സംരക്ഷകരെയും ഗവേഷകരെയും ഒരുപോലെ ആവേശഭരിതരാക്കി.
യു.പിയിൽ ഒരു നൂറ്റാണ്ട് മുമ്പ് അവസാനമായി കണ്ട പെയിന്‍റഡ് കീൽബാക്ക് (സെനോക്രോഫിസ് സെറാസോഗാസ്റ്റർ), വനങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രൗൺ വൈൻ പാമ്പ് (അഹെതുല്ല പ്രസീന) എന്നിവയെ ആണ് കണ്ടെത്തിയതെന്ന് പാർക്ക് ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും പറയുന്നു.
ഏതാനും ആഴ്‌ചകൾക്കു മുമ്പാണ് ജീവശാസ്ത്രജ്ഞരായ വിപിൻ കപൂർ സൈനിയും അപൂർവ് ഗുപ്തയും ദുദ്‌വയിലെ നകൗവനുള്ളക്കു സമീപം ഒരു പെയിന്‍റ്ഡ് കീൽബാക്കിനെ കണ്ടത്. അതിനെ പ്രദേശത്ത് ആദ്യമായി കാണുകയായിരുന്നു. വിഷമില്ലാത്ത പാമ്പിനെ ചത്ത നിലയിൽ ആണ് കണ്ടെത്തിയെങ്കിലും അതിനെ തിരിച്ചറിഞ്ഞതോടെ പ്രാദേശിക ജൈവവൈവിധ്യ രേഖകളിലേക്കുള്ള പ്രധാന കൂട്ടിച്ചേർക്കലായി. 117 വർഷത്തെ ഇടവേളക്കു ശേഷം ദുദ്‌വയിൽ ഈ പാമ്പിന്റെ വീണ്ടെടുപ്പ് പാർക്ക് അധികൃതരിൽ ആകാംക്ഷയേറ്റി. 1907ൽ ഫൈസാബാദ് പ്രദേശത്താണ് ഈ ഇനത്തെ അവസാനമായി രേഖപ്പെടുത്തിയതെന്ന് സൈനി പറഞ്ഞു.
തവിട്ടു നിറത്തിലുള്ള നേരിയ വിഷമുള്ള ഇനമായ ബ്രൗൺ വൈൻ പാമ്പിനെയും കണ്ടെത്തിയത് ഏതാനും മാസം മുമ്പാണ്. സോനാരിപൂർ റേഞ്ചിലെ ബാങ്കി താലിലെ ചതുപ്പിൽ പെല്ലറ്റ് സാമ്പിളുകൾ ശേഖരിക്കുകയായിരുന്ന സൈനി. സമീപത്തുള്ള കുറ്റിച്ചെടികൾക്കിടയിലൂടെ മെലിഞ്ഞ തവിട്ടുനിറത്തിലുള്ള പാമ്പ് നീങ്ങുന്നത് ശ്രദ്ധിച്ചു. ഉടൻ അതിന്റെ ഫോട്ടോയെടുത്തു. ഇന്ത്യയിലെ വന്യജീവി വിദഗ്‌ധനായ രോഹിത് രവിയുമായുള്ള കൂടിയാലോചനയിൽ ഇത് ‘അഹെതുല്ല പ്രസീന’യുടെ ബ്രൗൺ മോർഫ് ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ദുദ്‌വയിലെ ഈ പാമ്പിനത്തെ ആദ്യമായി രേഖപ്പെടുത്തി.
ദുദ്‍വയുടെ പാരിസ്ഥിതിക വൈവിധ്യത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിച്ചതിന് ഈ കണ്ടെത്തലുകളെ അധികൃതർ പ്രശംസിച്ചു. ഓരോ കണ്ടെത്തലും പാർക്കിന്റെ സങ്കീർണമായ ആവാസവ്യവസ്ഥയെയിലേക്കും നടന്നുകൊണ്ടിരിക്കുന്ന സംരക്ഷണ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തിലേക്കും വെളിച്ചം വീശുന്നതായി ഡപ്യൂട്ടി ഡയറക്ടർ ഡോ. രംഗരാജു പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.