ജയിലിൽനിന്ന് ജയിച്ചുകയറി റാഷിദ് ശൈഖ്; വീഴ്ത്തിയത് ഉമർ അബ്ദുല്ലയെ
text_fieldsശ്രീനഗർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ജമ്മു-കശ്മീരിലെ ബാരാമുല്ല മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ലയെ വൻ ഭൂരിപക്ഷത്തിൽ വീഴ്ത്തി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് അബ്ദുൽ റാഷിദ് ശൈഖ് എന്ന എൻജിനീയർ റാഷിദ്. യു.എ.പി.എ കേസിൽ അഞ്ചുവർഷമായി തിഹാർ ജയിലിൽ കഴിയുന്ന റാഷിദ് സ്വതന്ത്ര സ്ഥാനാർഥിയായാണ് മിന്നും വിജയം നേടിയത്. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വോട്ടെണ്ണൽ അവസാനത്തിലേക്ക് കടക്കുമ്പോൾ രണ്ട് ലക്ഷത്തോളം വോട്ടിന്റെ ലീഡുണ്ട് റാഷിദ് ശൈഖിന്. റാഷിദ് 4,25,000ത്തോളം വോട്ട് ഇതിനകം സ്വന്തമാക്കിയപ്പോൾ ഉമർ അബ്ദുല്ലക്ക് ലഭിച്ചത് 2,35,000ത്തോളം വോട്ടാണ്. ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് കോൺഫറൻസ് അധ്യക്ഷൻ സജാദ് ഗനി ലോൺ ഒന്നര ലക്ഷത്തോളം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
57കാരനായ റാഷിദ് ശൈഖ് വടക്കൻ കശ്മീരിലെ ലാൻഗേറ്റ് മണ്ഡലത്തിൽനിന്ന് രണ്ടുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. ജയിലിൽ കഴിയുന്ന അദ്ദേഹത്തിനായി മണ്ഡലത്തിൽ പ്രചാരണം നയിച്ചത് രണ്ട് ആൺമക്കളായിരുന്നു. മേയ് 20ന് അഞ്ചാം ഘട്ടത്തിലായിരുന്നു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്.
മുഖ്യധാര രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹുർറിയത് നേതാവും ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് കോൺഫറൻസ് സ്ഥാപകനുമായ അബ്ദുൽ ഗനി ലോണിന്റെ അടുത്ത അനുയായിയായിരുന്നു റാഷിദ്. കശ്മീർ മേഖയിലെ മൂന്ന് മണ്ഡലങ്ങളിൽ ഒന്നായ ബാരാമുല്ലയിൽ ബി.ജെ.പി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.