രശ്മിക മന്ദാനയുടെ 'ഡീപ് ഫേക്' വിഡിയോ; സാങ്കേതിക വിദ്യ ദുരുപയോഗം തടയാൻ നിയമനിർമാണം വേണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ 'ഡീപ് ഫേക്' വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വിവാദമായിരിക്കെ, സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാൻ നിയമനിർമാണം ആവശ്യപ്പെട്ട് കോൺഗ്രസ്. കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവിന് ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മണിക്കം ടാഗോർ എം.പി കത്തെഴുതി. വ്യക്തികളുടെ സ്വകാര്യതക്കും സുരക്ഷക്കും വലിയ വെല്ലുവിളിയുയർത്തുന്നതാണ് എ.ഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വ്യാജനിർമിതിയെന്നും ഇതിനെ നേരിടാനും തടയാനും കൃത്യമായ നിയമനിർമാണം ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ദൃശ്യങ്ങളും വിഡിയോകളും നിർമിക്കുന്ന 'ഡീപ് ഫേക്' സാങ്കേതിക വിദ്യക്ക് സമീപകാലത്തായി പ്രചാരമേറുകയാണ്. നിയമാനുസൃത ഉപയോഗങ്ങൾ സാങ്കേതിക വിദ്യകൾക്ക് ഏറെ സാധ്യത നൽകുന്നുവെങ്കിലും ഇതിന്‍റെ ദുരുപയോഗം വ്യാപക പ്രത്യാഘാതമുണ്ടാക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും, വ്യക്തികളെ അപകീർത്തിപ്പെടുത്താനും, സ്വകാര്യതാ ലംഘനത്തിനുമായെല്ലാം ഡീപ് ഫേക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. ഇത് നടയാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കേണ്ടതുണ്ട് -മണിക്കം ടാഗോർ കത്തിൽ പറഞ്ഞു.
നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഒരു വിഡിയോ പ്രചരിച്ചിരുന്നു. എന്നാൽ, ഈ വിഡിയോ തന്‍റേതല്ലെന്ന് വ്യക്തമാക്കി രശ്മിക തന്നെ രംഗത്തുവന്നു. മറ്റൊരു വ്യക്തിയുടെ വിഡിയോയാണ് എ.ഐ സാങ്കേതികവിദ്യയുപയോഗിച്ച് രശ്മികയുടെ മുഖം ചേർത്ത് പ്രചരിപ്പിച്ചത്.
'സ്കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ...' -രശ്മികയുടെ പ്രതികരണം
'ഓൺലൈനിൽ പ്രചരിക്കുന്ന എന്റെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വന്നതിൽ ശരിക്കും വേദന തോന്നുന്നു. എന്നെക്കുറിച്ച് മാത്രമല്ല, സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം അപകടങ്ങൾക്ക് ഇരയാകുന്നവരെയോർത്ത് ഭയമാകുന്നു. ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ സ്കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എങ്ങനെ നേരിടുമായിരുന്നെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ഇത്തരത്തിലുള്ള ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയിൽ അടിയന്തിരമായി ഈ വിഷയത്തെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്', രശ്മിക സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
എന്താണ് ഡീപ് ഫേക്
നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകളും ദൃശ്യങ്ങളും ശബ്ദങ്ങളും നിർമിക്കുന്നതിനെയാണ് ഡീപ് ഫേക് എന്ന് വിശേഷിപ്പിക്കുന്നത്. വ്യാജമാണെന്ന് സാങ്കേതികമായി തിരിച്ചറിയല്പോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫേക് സ്വകാര്യതക്കും വ്യക്തിസുരക്ഷക്കും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
മുന്നറിയിപ്പുമായി കേന്ദ്രം
നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിക്കുന്നതില്‍ സമൂഹമാധ്യമ സേവനദാതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമപരമായ ബാധ്യത സമൂഹമാധ്യമ സേവനദാതാക്കള്‍ക്കുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വ്യാജപ്രചാരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് 36 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്തിരിക്കണം. ഇല്ലെങ്കില്‍ ചട്ടം 7 പ്രയോഗിക്കുകയും കമ്പനി കോടതിയിലെത്തേണ്ടിവരുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ പ്രതികരിച്ചു. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ ഇരകളാക്കപ്പെടുന്നതിന് മുന്‍പ് നടപടി വേണമെന്ന് രശ്മിക മന്ദാന പ്രതികരിച്ചു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ സിനിമമേഖലയിലെ പ്രമുഖര്‍ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.