രാമക്ഷേത്രം യാഥാർത്ഥ്യമായത് നാഴികക്കല്ലായി ഭാവി ചരിത്രകാരന്മാർ കണക്കാക്കും -റിപബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി
text_fieldsന്യൂഡൽഹി: രാമക്ഷേത്രം യാഥാർത്ഥ്യമായത് ഇന്ത്യയുടെ നാഗരിക പൈതൃകം വീണ്ടെടുക്കലിലെ നാഴികക്കല്ലായി ഭാവി ചരിത്രകാരന്മാർ കണക്കാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന് നൽകിയ റിപബ്ലിക് ദിന സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ഈ ആഴ്ച ആദ്യം, അയോധ്യയിൽ നിർമ്മിച്ച മഹത്തായ പുതിയ ക്ഷേത്രത്തിലെ ശ്രീരാമന്റെ വിഗ്രഹത്തിന്റെ ചരിത്രപരമായ 'പ്രാൺ പ്രതിഷ്ഠ' നമ്മൾ കണ്ടു. ഈ സംഭവത്തെ വിശാലമായ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ഇന്ത്യയുടെ നാഗരിക പൈതൃകം വീണ്ടെടുക്കലിലെ നാഴികക്കല്ലായി ഇതിനെ ഭാവി ചരിത്രകാരന്മാർ കണക്കാക്കും. ജുഡീഷ്യൽ നടപടിക്രമങ്ങൾക്കും ഭൂമിയിലെ പരമോന്നത കോടതിയുടെ തീരുമാനത്തിനും ശേഷമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇപ്പോൾ അത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ മഹത്തായ മന്ദിരമായി മാത്രമല്ല, ജുഡീഷ്യൽ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ സാക്ഷ്യപത്രം കൂടിയായിട്ടാണ് നിലകൊള്ളുന്നത് -രാഷ്ട്രപതി പറഞ്ഞു.
രാജ്യം പുരോഗതിയുടെ പാതയിലാണ്. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വർഷത്തിൽ ഇന്ത്യയെ വികസിത രാജ്യമാക്കണം. അമൃത് കാലിന്റെ കാലഘട്ടം അഭൂതപൂർവമായ സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടമായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. ഭാവിയിൽ ആശങ്കാജനകമായ നിരവധി മേഖലകളുണ്ട്, പക്ഷേ ആവേശകരമായ അവസരങ്ങളും ഉണ്ട്. യുവാക്കൾക്ക് പുതിയ മേഖലകൾ കണ്ടെത്തുകയാണ്. അവരുടെ പാതയിൽ നിന്നുള്ള തടസ്സങ്ങൾ നീക്കാനും അവരുടെ മുഴുവൻ കഴിവുകളും പരിപോഷിപ്പിക്കാനും ആവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. നാരി ശക്തി വന്ദൻ അധീനിയം സ്ത്രീ ശാക്തീകരണത്തിനുള്ള വിപ്ലവകരമായ പദ്ധതിയായി മാറുമെന്ന് വിശ്വസിക്കുന്നു -രാഷ്ട്രപതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.