'രാഷ്ട്രപത്നി': രാഷ്ട്രപതിയെ നേരിൽ കണ്ട് മാപ്പ് പറയാം, സോണിയ ഗാന്ധിയെ വലിച്ചിഴക്കേണ്ട -അധീർ രഞ്ജൻ ചൗധരി
text_fieldsന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ 'രാഷ്ട്രപത്നി'യെന്ന് വിളിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. രാഷ്ട്രപതിയെ നേരിട്ടു കണ്ട് മാപ്പ് പറയാമെന്നും സംഭവത്തിലേക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വലിച്ചിഴക്കേണ്ടെന്നും ചൗധരി വ്യക്തമാക്കി. കൂടാതെ, കൂടിക്കാഴ്ചക്കായി രാഷ്ട്രപതിയോട് സമയം തേടിയിട്ടുണ്ട് ചൗധരി.
അബദ്ധം സംഭവിച്ചു. പരാമർശം മോശമായി തോന്നിയെങ്കിൽ രാഷ്ട്രപതിയെ നേരിൽ കാണാനും മാപ്പ് പറയാനും തയാറാണ്. അവർക്ക് വേണമെങ്കിൽ തന്നെ തൂക്കിക്കൊല്ലാം. ശിക്ഷ ഏറ്റുവാങ്ങാൻ ഒരുക്കമാണ്. എന്തിനാണ് സോണിയ ഗാന്ധിയെ ഇതിലേക്കു വലിച്ചിഴക്കുന്നത്.
രാഷ്ട്രപത്നി എന്നത് നാക്കുപിഴ സംഭവിച്ചതാണ്. താൻ ബംഗാളിയാണ് സംസാരിക്കുന്നത്, ഹിന്ദിയല്ല. അതുകൊണ്ടാണ് നാക്കുപിഴ സംഭവിച്ചത്. രാജ്യത്തെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്നവരെ ആക്ഷേപിക്കണമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ലെന്നും അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ 'രാഷ്‌ട്രപത്നി'യെന്ന് അധീർ രഞ്ജൻ ചൗധരി വിളിച്ച സംഭവത്തിൽ ലോക്സഭയിലും രാജ്യസഭയിലും നിർമല സീതാരാമന്‍റെയും സ്മൃതി ഇറാനിയുടെയും നേതൃത്വത്തിൽ ബി.ജെ.പി പ്രതിഷേധം ശക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.