ആ നിമിഷങ്ങളിൽ ഒറ്റപ്പെടലിന്റെ നീറ്റൽ ഉള്ളിൽ നിറയും; വിവാഹം കഴിക്കാത്തതിനെ കുറിച്ച് ഒരിക്കൽ മനസ് തുറന്ന് രത്തൻ ടാറ്റ
text_fieldsവ്യവസായ ലോകത്ത് അതികായനായി വാഴുമ്പോഴും കുടുംബമില്ലാത്തതിന്റെ വേദന ഉള്ളിൽ പേറിയാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ രത്തൻ ടാറ്റ ജീവിച്ചിരുന്നത്. 'തിരക്കുപിടിച്ച ജീവിതത്തിൽ ഒറ്റയ്ക്കാകുമ്പോൾ ഭാര്യയും മക്കളും ഇല്ലാത്തതിന്റെ വേദന ഉള്ളിൽ നിറയും. പലപ്പോഴും ആ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട്. എന്നാൽ ചിലപ്പോൾ ആരും നിയന്ത്രിക്കാൻ ഇല്ലാത്തതിന്റെ സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്.' -ഒരിക്കൽ ഒരു അഭിമുഖത്തിനടെ രത്തൻ ടാറ്റ പറഞ്ഞു.
നാലു പ്രണയങ്ങളുണ്ടായിരുന്നു രത്തന്. അസ്തിക്ക് പിടിച്ചതായിരുന്നു ആദ്യപ്രണയം. യു.എസിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു പ്രണയിനിയെ കണ്ടുമുട്ടിയത്. ആ ബന്ധം വിവാഹത്തോളമെത്തുകയും ചെയ്തു. മാതാപിതാക്കൾ ചെറുപ്പത്തിലേ വേർപിരിഞ്ഞ രത്തൻ ടാറ്റക്ക് മുത്തശ്ശിയായിരുന്നു എല്ലാം. മുത്തശ്ശി രോഗബാധിതയായപ്പോൾ യു.എസിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തി അദ്ദേഹം. പ്രണയിനിയും കൂടെ വരുമെന്നായിരുന്നു രത്തന്റെ കണക്കുകൂട്ടൽ. രത്തൻ നാട്ടിലെത്തിയ സമയത്താണ് ഇന്ത്യ-ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആ യുദ്ധം നീണ്ടുപോകുമെന്ന് തന്നെ പ്രണയിനി കരുതി. അതിനാൽ ഇന്ത്യയിൽ എങ്ങനെ ജീവിക്കുമെന്ന് അവരുടെ മാതാപിതാക്കൾ ആശങ്കപ്പെട്ടു. മാതാപിതാക്കളെ ധിക്കരിച്ച് രത്തനൊപ്പം ജീവിക്കാനുള്ള ധൈര്യവും പ്രണയിച്ച പെൺകുട്ടിക്കുണ്ടായിരുന്നില്ല. വളർത്തി വലുതാക്കിയ മുത്തശ്ശിയെ പിരിഞ്ഞു യു.എസിൽ ജീവിക്കാൻ രത്തനും സാധിക്കുമായിരുന്നു. വേർപിരിയുകയായിരുന്നു രണ്ടുപേരുടെയും മുന്നിലുണ്ടായിരുന്നു ഏക വഴി. പെൺകുട്ടി യു.എസിൽ തന്നെയുള്ള മറ്റൊരാളെ വിവാഹം കഴിച്ചു. വേർപാടിന്റെ മുറിവ് രത്തന്റെ മനസിൽ ഉണങ്ങാതെ കിടന്നു. 1962ലായിരുന്നു അത്.
അതിനു ശേഷവും രത്തൻ പ്രണയിച്ചിട്ടുണ്ട്. മൂന്നുപേരുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും അതൊന്നും വിവാഹത്തിലേക്കെത്തിയില്ല. ടെലിവിഷൻ അവതാരക സിമി ഗ്രെവാളിനു നൽകിയ അഭിമുഖത്തിലായിരുന്നു ഒറ്റപ്പെടലിന്റെ വേദനയെ കുറിച്ച് രത്തൻ ടാറ്റ മനസുതുറന്നത്. ഭാര്യയും കുട്ടികളും കുടുബവുമില്ലാതെ എന്താണ് താങ്കളെ പ്രചോദിപ്പിക്കുന്നത് എന്നായിരുന്നു സിമിയുടെ ചോദ്യം. സിമിയെയും അദ്ദേഹം പ്രണയിച്ചിരുന്നു.
വർഷങ്ങളോളം രത്തന്റെ സ്വകാര്യ ജീവിതം സ്വകാര്യമായിത്തന്നെ കിടന്നു. 2011ൽ സി.എൻ.എൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. നാലുതവണ പ്രണയിച്ചിട്ടും ഓരോ തവണയും വേദനയോടെ പിൻവാങ്ങുകയായിരുന്നുവെന്നും രത്തൻ വെളിപ്പെടുത്തി. ഓരോ തവണയും ഓരോ കാരണങ്ങളാൽ വിവാഹത്തിൽ നിന്ന് പിന്തിരിഞ്ഞു. ഓരോ സാഹചര്യവും വ്യത്യസ്തമായിരുന്നു. നാലുതവണയും ഗൗരവത്തോടെയാണ് പ്രണയത്തെ സമീപിച്ചത്.
1937 ഡിസംബർ 28ന് ബോംബെയിലാണ് രത്തൻ ജനിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാംഷഡ്ജിയുടെ മകൻ രത്തൻജി ദത്തെടുത്ത നെവൽ ടാറ്റയുടെ മകനാണ് രത്തൻ ടാറ്റ. 24 മത്തെ വയസിൽ ടാറ്റാ സ്റ്റീൽ കടയിൽ ജോലിക്കാരനായിട്ടാണ് ബിസിനസ് രംഗത്തേക്ക് അദ്ദേഹം കടന്നു വന്നത്. 1970 ആയപ്പോഴേക്കും ടാറ്റയുടെ മാനേജറായി. 1991ൽ ചെയർമാൻ പദവി ഏറ്റെടുത്ത രത്തൻ ടാറ്റ ഗ്രൂപ്പിന്റെ അകത്തും പുറത്തുമുള്ള കൊടുങ്കാറ്റിനെ അതിജീവിച്ചു മുന്നേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.