ടാറ്റയെ അവസാനമായി കാണാൻ അരുമ നായ ‘ഗോവ’യും എത്തി
text_fieldsമുംബൈ: വ്യവസായി രത്തൻ ടാറ്റയെ അവസാനമായി ഒരുനോക്കുകാണാൻ പ്രിയ വളർത്തുനായ 'ഗോവ'യും എത്തി. തനിക്ക് താമസസ്ഥലവും പുതുജീവിതവും സമ്മാനിച്ച യജമാനന് അന്ത്യോപചാരം അർപ്പിക്കാനാണ് വളർത്തുനായ എത്തിയത്. ടാറ്റ ഗ്രൂപ്പിന്‍റെ കോർപറേറ്റ് ആസ്ഥാനമായ ബോംബെ ഹൗസിലെ ഓഫീസിലേക്കുള്ള യാത്രയിൽ രത്തൻ ടാറ്റയുടെ സഹയാത്രികനായിരുന്നു 'ഗോവ' എന്ന വളർത്തുനായ.
ഒരിക്കൽ രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ വളർത്തുനായ ഗോവയുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു, 'ഈ ദീപാവലിക്ക് ദത്തെടുത്ത ബോംബെ ഹൗസ് നായ്ക്കൾക്കൊപ്പം ഹൃദയസ്പർശിയായ കുറച്ച് നിമിഷങ്ങൾ, പ്രത്യേകിച്ച് ഗോവ, എന്‍റെ ഓഫീസ് കൂട്ടാളി.'
രത്തൻ ടാറ്റയും വളർത്തുനായും തമ്മിലുള്ള ബന്ധം വിവരിക്കാവുന്നതിനും അപ്പുറമായിരുന്നു. 2018ൽ ചാൾസ് മൂന്നാമൻ രാജാവിൽ (ചാൾസ് രാജകുമാരൻ) നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് സ്വീകരിക്കാൻ ടാറ്റയെ ക്ഷണിച്ചെങ്കിലും ഗോവക്ക് ഗുരുതര അസുഖം ബാധിച്ചതിനാൽ അവസാന നിമിഷം അദ്ദേഹം യാത്ര റദ്ദാക്കുകയായിരുന്നു.
മഴക്കാലത്ത് കാറുകൾക്ക് കീഴിൽ അഭയം തേടുന്ന തെരുവ് നായ്ക്കളുടെയും ഉപേക്ഷിക്കപ്പെട്ട വളർത്തു മൃഗങ്ങളുടെയും ക്ഷേമത്തിലും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ടാറ്റ തൽപരനായിരുന്നു.
ബുധനാഴ്ച രാത്രി അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകൾ വർളിയിലെ ഡോ. ഇ. മോസസ് റോഡിലുള്ള പൊതുശ്മശാനത്തിലാണ് നടന്നത്. പാഴ്സി ആചാരപ്രകാരമായിരുന്നു സംസ്കാരം. ദക്ഷിണ മുംബൈയിലെ നരിമാൻ പോയിന്‍റിലുള്ള നാഷണൽ സെന്‍റർ ഫോർ പെർഫോമിങ് ആർട്സിൽ നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽപ്പെട്ട നിരവധി പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.