റേഷൻ സർവർ വഴി ആധാർ ചോരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻകാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ റേഷൻ കടകളിലെ ഇ-പോസ് സർവർ വഴി കാർഡുടമകളുടെ ആധാർ വിവരങ്ങൾ ചോരുന്നതായി സംശയം. മലപ്പുറം സ്വദേശിയുടെ വിരലടയാളം ഉപയോഗിച്ച് തിരുവനന്തപുരത്ത് സൗജന്യ റേഷൻ സാധനങ്ങൾ തട്ടിയതായി തെളിഞ്ഞതോടെയാണ് സംശയം ബലപ്പെട്ടത്. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നാഷനൽ ഇൻഫർമാറ്റിക് സെൻററിനോട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആവശ്യപ്പെട്ടു. തട്ടിപ്പ് സംബന്ധിച്ച രേഖകളും സർക്കാർ അധികൃതർക്ക് കൈമാറി. രാജ്യത്ത് ആദ്യമായാണ് ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം ഉപയോഗിച്ച് ഇത്തരമൊരു തട്ടിെപ്പന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
തിരുവനന്തപുരം പുന്നമൂട് സ്വദേശിയും മലപ്പുറം തിരൂരങ്ങാടിയിൽ സ്ഥിരം താമസക്കാരിയുമായ അസ്മ നസ്റീനിെൻറ (വി.ആർ. നിഷ) വിരലടയാളം ഉപയോഗിച്ചാണ് ഇ-പോസ് യന്ത്രത്തിലെ ബയോമെട്രിക് സംവിധാനത്തിലൂടെ റേഷൻ വെട്ടിച്ചത്. പുന്നമൂടുള്ള എ.ആർ.ഡി 1103067 എന്ന റേഷൻ കടയിലാണ് അസ്മയുടെ എ.എ.വൈ (മഞ്ഞ) കാർഡുള്ളത്. പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്നതോടെ ഒരുവർഷമായി തിരൂരങ്ങാടിയിലെ കടയിൽ നിന്നാണ് അർഹതപ്പെട്ട 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും വാങ്ങുന്നത്. എന്നാൽ, ഈ മാസം 11ന് രാവിലെ 10.57ഓടെ അസ്മയുടെ മൊബൈൽ നമ്പരിലേക്ക് റേഷൻ കൈപ്പറ്റിയെന്ന് സന്ദേശമെത്തുകയായിരുന്നു. അന്വേഷണത്തിൽ തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിന് സമീപത്തെ കടയിൽ നിന്നാണ് അസ്മയുടെ വിരലടയാളത്തോടെ 24 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ഒരുകിലോ പഞ്ചസാരയും ബയോമെട്രിക് സംവിധാനത്തിലൂടെ അടിച്ചെടുത്തതെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം വകുപ്പുതലത്തിൽ നടക്കുകയാണ്. തട്ടിപ്പ് സംബന്ധിച്ച് അസ്മ തിങ്കളാഴ്ച ഭക്ഷ്യമന്ത്രിക്കും തിരുവനന്തപുരം ജില്ല കലക്ടർക്കും താലൂക്ക് സപ്ലൈ ഓഫിസർക്കും പൊലീസിനും പരാതി നൽകി.
തലപുകഞ്ഞ് ഭക്ഷ്യവകുപ്പ്
ബയോമെട്രിക് സംവിധാനത്തിലൂടെ വ്യാജ വിരലടയാളം പതിപ്പിച്ചും ആധാർ നമ്പർ ചോർത്തിയും റേഷൻ തട്ടുന്നത് സംബന്ധിച്ച് നേരത്തേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് രേഖാമൂലം പരാതി ലഭിക്കുന്നത്. കാർഡുടമകൾ സാധനങ്ങൾ വാങ്ങാതിരിക്കുമ്പോൾ റേഷൻ വ്യാപാരികൾ സ്വന്തം വിരൽ അമർത്തി സാധനങ്ങൾ വെട്ടിക്കാറുണ്ട്. എന്നാൽ, ആദ്യമായാണ് ആധാറിലെ വിരലടയാളം അതേപോലെ ബയോമെട്രിക് സംവിധാനത്തിൽ പകർത്തി മറ്റൊരാൾ റേഷൻ വാങ്ങുന്നത്. സംഭവം അതീവഗൗരവത്തോെടയാണ് കാണുന്നതെന്നും പരാതി പരിശോധിച്ച് വരികയാണെന്നും സർവർ തയാറാക്കിയ ദേശീയ ഇൻഫർമാറ്റിക് സെൻറർ അധികൃതർ വ്യക്തമാക്കി.
അഞ്ചര കോടിയുടെ സർവർ ‘സ്വാഹ’
റേഷൻ കരിഞ്ചന്ത തടയാൻ സംസ്ഥാനത്ത് നടപ്പാക്കിയ ഇ-പോസ് സംവിധാനം കുത്തഴിഞ്ഞിട്ട് ഒരുമാസം. ഇ-പോസുമായുള്ള സർവർ തകരാറിലായതോടെ ഓണത്തിന് ശേഷം സംസ്ഥാനത്ത് ഭൂരിഭാഗം കടകളിലും റേഷൻ വിതരണം നടന്നത് മാന്വൽ ഇടപാടിലൂടെയാണ്.
2018 ജൂൈലയിലാണ് അഞ്ചരക്കോടി മുടക്കി പുതിയ സർവർ ഭക്ഷ്യവകുപ്പ് വാങ്ങിയത്. നേരത്തേ ഇ-പോസിലെ സ്കാനറിൽ കാർഡ് നമ്പർ രേഖപ്പെടുത്തിയ ശേഷം ഉപഭോക്താവ് കൈവിരൽ പതിക്കുമ്പോഴാണ് വിതരണപേജിലേക്ക് പോയിരുന്നത്. എന്നാൽ, ഒരുമാസമായി കടയുടമയോ ഉപഭോക്താവോ വിരൽ വെച്ചാലും വിതരണ പേജിലേക്ക് പോകും. ഇതുസംബന്ധിച്ച് ഐ.ടി സെല്ലിനെ അറിയിച്ചെങ്കിലും സർവർ തകരാറാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. മലപ്പുറത്തെ കാർഡുടമയുടെ വിരലടയാളം ഉപയോഗിച്ച് തിരുവനന്തപുരത്ത് റേഷൻ വാങ്ങിയത് സർവറിെൻറ ‘കളി’യാണോയെന്ന സംശയം ഭക്ഷ്യവകുപ്പിനുണ്ട്. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.