ശസ്ത്രക്രിയക്കായി കര്‍ഷകന്‍ സൂക്ഷിച്ചുവെച്ച രണ്ട് ലക്ഷം രൂപ എലികള്‍ കരണ്ടു
text_fieldsഹൈദരാബാദ്: വയറ്റിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി പച്ചക്കറി കര്‍ഷകന്‍ സ്വരൂപിച്ച രണ്ട് ലക്ഷം രൂപ എലികള്‍ കരണ്ടുതിന്നു. തെലങ്കാനയിലെ മെഹബൂബബാദ് ജില്ലയിലെ വെമുനൂർ ഗ്രാമത്തിലെ പച്ചക്കറി കർഷനായ റെഡ്യ നായിക്കിന്‍റെ പണമാണ് എലികൾ നശിപ്പിച്ചത്. പച്ചക്കറി കൃഷി ചെയ്തു വിറ്റും ഉപജീവനം നടത്തുന്ന റെഡ്യ പച്ചക്കറി വിൽപനയിലൂടെ സമ്പാദിച്ച പണവും ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും നല്‍കിയ പണവുമാണിത്. 500ന്‍റെ നോട്ടുകെട്ടുകളാക്കി പ്ലാസ്റ്റിക് കവറിലാക്കി അലമരയിൽ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു. കീറിയ നോട്ടുകളുമായി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന റെഡ്യയെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങൾ.
'ഇരുചക്രവാഹനത്തിൽ പച്ചക്കറി വിറ്റാണ് ഞാനും കുടുംബവും കഴിയുന്നത്. അങ്ങിനെ സമ്പാദിച്ച പണവും ബന്ധുക്കളും നാട്ടുകാരിൽ ചിലരും കടം തന്ന പണവുമായിരുന്നു അത്. ഒരു പ്ലാസ്റ്റിക് കവറിലാക്കി തുണിസഞ്ചിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സഞ്ചി തുറന്ന് പരിശോധിച്ചപ്പോളാണ് എലികൾ നോട്ടുകൾ നശിപ്പിച്ചതായി കണ്ടെത്തിയത്' -റെഡ്യ പറയുന്നു. നോട്ടുകൾ മാറ്റിനൽകുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ബാങ്കുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റെഡ്യ പറഞ്ഞു.
മെഹബൂബബാദിലെ രണ്ടുമൂന്ന് ബാങ്കുകളെ ഞാൻ സമീപിച്ചിരുന്നു. പക്ഷേ, നശിപ്പിക്കപ്പെട്ട നോട്ടുകൾക്ക് പകരം പുതിയവ നൽകാനാകില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞത്. നോട്ടിന്‍റെ നമ്പറുകളും മറ്റും നശിച്ചുപോയതാണ് അവർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. റിസര്‍വ് ബാങ്കിനെ നേരിട്ട് സമീപിക്കാനാണ് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നത്' -റെഡ്യ പറഞ്ഞു.
ഇന്ദിരാനഗറിൽ താമസിക്കുന്ന റെഡ്യ കഠിനമായ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ മുഴ ഉണ്ടെന്ന് കണ്ടെത്തിയത്. ഇത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് നാല് ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.