കെ.സി. വേണുഗോപാൽ രാജിവെച്ച രാജ്യസഭ സീറ്റിൽ ബി.ജെ.പിക്ക് എതിരില്ലാതെ വിജയം
text_fieldsന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജിവെച്ച രാജസ്ഥാനിലെ രാജ്യസഭ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിക്ക് എതിരില്ലാതെ വിജയം. കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവാണ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
വിജയിക്കാനുള്ള അംഗബലമില്ലാത്തതിനാൽ കോൺഗ്രസ് പത്രിക സമർപ്പിച്ചിരുന്നില്ല. 98 വോട്ടാണ് വിജയിക്കാൻ ആവശ്യമായിരുന്നത്. രാജസ്ഥാൻ നിയമസഭയിൽ നിലവിൽ ബി.ജെ.പിക്ക് 114ഉം കോൺഗ്രസിന് 66ഉം അഗങ്ങളാണുള്ളത്.
മൂന്ന് സ്ഥാനാർഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. സെപ്റ്റംബർ മൂന്നിനായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക തള്ളുകയും ബി.ജെ.പി ഡമ്മി സ്ഥാനാർഥി പത്രിക പിൻവലിക്കുകയും ചെയ്തതോടെ ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ രവ്‌നീത് സിങ് ബിട്ടു മാത്രം അവശേഷിച്ചു. ഇതോടെ ഇദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
കെ.സി. വേണുഗോപാലിന് 2026 വരെ രാജ്യസഭാംഗമായി കാലാവധിയുണ്ടായിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ചതോടെ വേണുഗോപാൽ രാജ്യസഭാംഗത്വം രാജിവെക്കുകയായിരുന്നു. ഇതോടെയാണ് രാജസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായിവന്നത്.
2026 വരെ കാലാവധിയുള്ള രാജ്യസഭ സീറ്റ് വേണുഗോപാൽ ഒഴിയുന്നതിൽ നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാല്‍ ലോക്‌സഭയിലേക്ക് പരമാവധി കോണ്‍ഗ്രസ് എം.പിമാരെ എത്തിക്കാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു കോൺഗ്രസിന്‍റെ വിശദീകരണം.
ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ലുധിയാനയിൽ കോൺഗ്രസിനോട് മത്സരിച്ച് പരാജയപ്പെട്ടയാളാണ് രവ്നീത് സിങ് ബിട്ടു. എന്നാൽ, പഞ്ചാബിൽ സ്വാധീനമുള്ള നേതാവെന്ന നിലയിൽ ഇദ്ദേഹത്തെ മോദി സർക്കാറിൽ ഉൾപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.