കേസ് റദ്ദാക്കാനായി ആർ.ബി. ശ്രീകുമാർ കോടതിയിൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് കലാപ കേസിൽ നിരപരാധികളെ കുടുക്കാൻ വ്യാജരേഖ ചമച്ചെന്ന കേസിൽനിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് മുൻ പൊലീസ് ഡയറക്ടർ ജനറൽ ആർ.ബി ശ്രീകുമാർ സെഷൻസ് കോടതിയെ സമീപിച്ചു. സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് എന്നിവർകൂടി ഇതേ കേസിൽ പ്രതികളാണ്. ഗോധ്ര കലാപ കേസുകൾക്ക് പിറകെ നിരപരാധികൾക്ക് വധശിക്ഷ ലഭിക്കാനായി വ്യാജ രേഖ ചമക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് മൂവർക്കുമെതിരെ പ്രോസിക്യൂഷൻ ആരോപണം.
ശ്രീകുമാർ നൽകിയ പരാതിയിൽ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അംബാലാൽ പട്ടേൽ സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി. അന്വേഷണ കമീഷനു മുന്നിൽ മൊഴിനൽകുന്നത് കുറ്റകരമല്ലെന്നും താൻ നിരപരാധിയാണെന്നും മുൻ ഡി.ജി.പി(ഇന്റലിജൻസ്)യായിരുന്ന ശ്രീകുമാർ പറഞ്ഞു.
അതിനിടെ, തനിക്കെതിരായ കേസിൽ പ്രോസിക്യൂഷന്റെ കൈവശമുള്ള രേഖകൾ വിട്ടുകിട്ടാനാവശ്യപ്പെട്ട് സെറ്റൽവാദ് അപേക്ഷ നൽകിയിട്ടുണ്ട്. അഹ്മദാബാദ് സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് 2022 ജൂണിലാണ് മൂന്നുപേർക്കുമെതിരെ കേസ് എടുത്തത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ പാലൻപുർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. എന്നാൽ, ശ്രീകുമാറും സെറ്റൽവാദും ഇടക്കാല ജാമ്യത്തിൽ പുറത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.