റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിച്ചുവരുത്തുന്നതിന് സാവകാശം നല്‍കി
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അടുത്ത മാസം 19ന് പാര്‍ലമെന്‍റിന്‍െറ ധനകാര്യ സ്ഥിരം സമിതി മുമ്പാകെ ഹാജരായി വിശദീകരണം നല്‍കും. വ്യാഴാഴ്ച വിശദീകരണം കേള്‍ക്കാനാണ് കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയ്ലി അധ്യക്ഷനായ സ്ഥിരം സമിതി ആദ്യം നിശ്ചയിച്ചിരുന്നത്.
പണഞെരുക്കം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഡിസംബര്‍ 30 വരെ സാവകാശം ചോദിച്ചതു കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍നിന്ന് അതിനു മുമ്പ് മൊഴിയെടുക്കുന്നത് നിരര്‍ഥകമാണെന്ന കാഴ്ചപ്പാട് ചില സമിതി അംഗങ്ങള്‍ പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് തീയതി മാറ്റം.
വ്യാഴാഴ്ച നടന്ന യോഗത്തില്‍ നോട്ട് അസാധുവാക്കലിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധരുടെ നിലപാട് തേടുകയാണ് സമിതി ചെയ്തത്. ഒരു വിഭാഗം നോട്ട് അസാധുവാക്കലിനെ അനുകൂലിച്ചപ്പോള്‍ മറ്റൊരു വിഭാഗം എതിര്‍ത്തു.
രാജീവ് കുമാര്‍, മഹേഷ് വ്യാസ്, പ്രണബ് സെന്‍, കവിത റാവു തുടങ്ങിയവരാണ് സമിതി മുമ്പാകെ എത്തിയത്. മൊത്ത ആഭ്യന്തര ഉല്‍പാദനവുമായി ബന്ധപ്പെടുത്തി നോട്ടിന്‍െറ അനുപാതം എത്രയായിരിക്കണമെന്ന കാര്യത്തിലും സമിതി വിദഗ്ധരുടെ അഭിപ്രായം തേടിയിരുന്നു.
നോട്ട് അസാധുവാക്കിയ സാഹചര്യം, പണഞെരുക്കം നേരിടാന്‍ സ്വീകരിച്ച നടപടി എന്നിവയെക്കുറിച്ച വിശദീകരണമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍നിന്ന് 19ന് സമിതി തേടുന്നത്. വിവിധ ബാങ്ക് ജീവനക്കാരുടെ അസോസിയേഷനുകള്‍, മാനേജ്മെന്‍റ് പ്രതിനിധികള്‍ എന്നിവരെയും കേള്‍ക്കും.
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ മൊഴി രേഖപ്പെടുത്തുന്നതിനുമുമ്പ് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഐ.ടി പ്രമുഖര്‍ എന്നിവര്‍ക്ക് പറയാനുള്ളതും 31 അംഗ സമിതി കേള്‍ക്കും. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ചും ആരായും. സാമ്പത്തിക വിനിമയത്തില്‍ ഡിജിറ്റല്‍ പണമിടപാടിന്‍െറ ഇപ്പോഴത്തെ അനുപാതം മൂന്നു ശതമാനം മാത്രമാണ്. അത് 90 ശതമാനത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്്. പണഞെരുക്കം ആറാഴ്ച പിന്നിടുമ്പോഴും തുടരുകയാണ്. നേരത്തെയുള്ളതില്‍നിന്ന് മാറ്റമൊന്നുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.