സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭക്കു പിന്നാലെ ലോക്സഭയും പാസാക്കി. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറുന്നതാണ് നിയമഭേദഗതിയെന്ന് കോൺഗ്രസ്, ഡി.എം.കെ, സി.പി.എം, ആർ.എസ്.പി അംഗങ്ങൾ ചൂണ്ടിക്കാട്ടി. സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിെൻറ മേൽനോട്ടത്തിനു കീഴിൽ കൊണ്ടുവരുന്നതാണ് നിയമഭേദഗതി.
ജൂണിൽ പുറത്തിറക്കിയ ഓർഡിനൻസിന് പകരമുള്ളതാണ് ബിൽ. ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസിലെ മനീഷ് തിവാരി ആവശ്യപ്പെട്ടു. ഓർഡിനൻസ് ഇറക്കുന്നത് പാർലമെൻറിെൻറ അവകാശ അധികാരങ്ങളെ അവമതിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാങ്ക്, ബാങ്കിങ് എന്നീ പദങ്ങൾ ഉപയോഗിക്കാത്ത പ്രാഥമിക സഹകരണ സംഘങ്ങളും പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളും ബില്ലിെൻറ പരിധിയിൽ വരുന്നില്ല. സംസ്ഥാന സഹകരണ ബാങ്കുകൾക്കും നിയമഭേദഗതി ബാധകമാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്കിങ് പ്രവർത്തനം നടത്തുന്ന സഹകരണ സംഘങ്ങളാണ് റിസർവ് ബാങ്കിെൻറ മേൽനോട്ടത്തിലാവുക.
സംസ്ഥാന സർക്കാറുകൾക്ക് ഇക്കാര്യങ്ങൾ നോക്കിനടത്താൻ കഴിയുമെന്നും, അതിൽ ഇടപെടുകയാണ് കേന്ദ്രമെന്നും ഡി.എം.കെയിലെ സെന്തിൽകുമാർ ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിന് അധികഭാരം നൽകുന്നതുമാണ് നിയമഭേദഗതി.
മല്യമാരുടെയും മോദിമാരുടെയും കിട്ടാക്കടം ഈടാക്കാൻ താൽപര്യമില്ലാത്ത കേന്ദ്രം സഹകരണ ബാങ്കുകൾക്കുമേൽ കുതിര കയറുകയാണ്. തൃണമൂൽ കോൺഗ്രസിലെ സൗഗത റോയിയും ഡി.എം.കെ അംഗത്തെ പിന്തുണച്ചു. റിസർവ് ബാങ്ക് മെച്ചപ്പെട്ട മേൽനോട്ടമല്ല നിർവഹിക്കുന്നതെന്ന് യെസ് ബാങ്ക് സംഭവവും ഒടുവിൽ വ്യക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
എൻ.കെ. പ്രേമചന്ദ്രൻ, എ.എം. ആരിഫ് എന്നിവരും ബില്ലിനെ എതിർത്തു സംസാരിച്ചു. ബാങ്കിങ് മേഖലയുടെ സ്വയംഭരണാവകാശം തകർക്കുന്നതാണ് നിയമഭേദഗതിയെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.