റിസർവ് ബാങ്കിനും സെബിക്കും കേന്ദ്രത്തിനും മൗനം; അദാനിയിൽ ഉടക്കി പാർലമെന്‍റ് സ്തംഭിച്ചു
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ് കമ്പനികളിലെ തട്ടിപ്പ്, അതുവഴി നിക്ഷേപകരും ധനകാര്യസ്ഥാപനങ്ങളും നേരിടുന്ന പ്രതിസന്ധി എന്നിവയെക്കുറിച്ച് പ്രതികരിക്കാനോ പാർലമെന്‍റിൽ ചർച്ചക്കോ അന്വേഷണത്തിനോ തയാറല്ലെന്ന നിലപാടുമായി കേന്ദ്രസർക്കാർ. ഇതിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു.
അമേരിക്കൻ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തു കൊണ്ടുവന്ന അദാനി ഗ്രൂപ് കമ്പനികളിലെ കള്ളപ്പണ-ക്രമക്കേടുകൾ സംയുക്ത പാർലമെന്‍ററി സമിതി (ജെ.പി.സി)യോ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതിയോ അന്വേഷിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം. റിസർവ് ബാങ്ക്, ഓഹരി വിപണി നിയന്ത്രകരായ സെബി, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവയും മൗനം തുടരുന്നതിനിടയിലാണ് ഇത്.
ഉന്നതതല അന്വേഷണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ജനതാദൾ-യു, ശിവസേന, സി.പി.എം, സി.പി.ഐ, എൻ.സി.പി, മുസ്ലിം ലീഗ്, നാഷനൽ കോൺഫറൻസ്, ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, ഭാരത് രാഷ്ട്ര സമിതി, കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ പാർലമെന്‍റിൽ പ്രതിഷേധത്തിന് ഇറങ്ങി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച പ്രതിപക്ഷ പാർട്ടി പ്രതിനിധികളുടെ യോഗമാണ് ഇരുസഭയിലും യോജിച്ച പ്രതിഷേധത്തിന് തീരുമാനിച്ചത്. മറ്റു വിഷയങ്ങൾ മാറ്റിവെച്ച് അദാനി വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യം പക്ഷേ, ലോക്സഭ-രാജ്യസഭ അധ്യക്ഷന്മാർ തള്ളി. ഇതേത്തുടർന്ന് മുദ്രാവാക്യവുമായി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതു മൂലം സഭാ നടപടി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച തുടങ്ങാൻ ഇതോടെ സർക്കാറിന് കഴിയാത്ത സ്ഥിതിയായി.
അദാനി കമ്പനികളുടെ ഓഹരി വില ഊതിപ്പെരുപ്പിക്കാൻ സ്വീകരിച്ച നിയമവിരുദ്ധ മാർഗങ്ങളാണ് ഹിൻഡന്‍ബർഗ് റിപ്പോർട്ട് പുറത്തു കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ വ്യവസായി സുഹൃത്താണ് ഗൗതം അദാനി. പ്രതിപക്ഷം വ്യവസായികൾക്ക് എതിരല്ല. എന്നാൽ സർക്കാർ-കോർപറേറ്റ് ചങ്ങാത്ത ഇടപാടുകൾക്ക് എതിരാണ്. അദാനിക്കമ്പനികൾ 10,000 കോടി ഡോളറിന്‍റെ വിലത്തകർച്ച ഇതിനകം നേരിട്ടുവെന്നാണ് കണക്ക്. നിക്ഷേപകർക്ക് നഷ്ടപ്പെട്ടതും സഹസ്രകോടികൾ. അദാനിയുടെ കടം രണ്ടു ലക്ഷം കോടി രൂപ കവിയും.
ഈ കമ്പനികളിലേക്ക് നിർലോഭം നിക്ഷേപിക്കുകയും ഉദാരമായി വായ്പ നൽകുകയും ചെയ്ത പൊതുമേഖല സ്ഥാപനങ്ങളായ എൽ.ഐ.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവയും പ്രതിസന്ധിയിലാണ്. ഏതെങ്കിലും കമ്പനിയുടെ മാത്രം വിഷയമല്ല ഇത്. ഓഹരി വിപണിയിലെ വഞ്ചനയും പൊതുപ്പണ ദുർവിനിയോഗവും പാർലമെന്‍റ് ചർച്ച ചെയ്യണം. ഉന്നതതല അന്വേഷണം കൂടിയേ തീരൂ -പ്രതിപക്ഷനേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.