യു.പി.ഐ പണമിടപാട് എളുപ്പത്തിലാക്കാൻ സംവിധാനവുമായി ആർ.ബി.ഐ
text_fieldsന്യൂഡൽഹി: നിക്ഷേപങ്ങൾ, ഓൺലൈൻ ഷോപ്പിങ്, ഹോട്ടൽ ബുക്കിങ് എന്നിവയുടെ യു.പി.ഐ (യൂനിഫൈഡ് പേമന്റ് ഇന്റർഫേസ്) പണമിടപാടുകൾ എളുപ്പത്തിലാക്കാൻ സിംഗിൾ-ബ്ലോക്ക്-മൾട്ടിപ്പിൾ ഡെബിറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
യു.പി.ഐ ഉപഭോക്താവ് ബാങ്ക് അക്കൗണ്ടിലെ പണം എടുക്കാൻ അനുമതി നൽകിക്കഴിഞ്ഞാൽ നിലവിലെ ഒറ്റത്തവണ ഇടപാടിന് പകരം ഒന്നിലധികം തവണ നടത്താനാകും. ഉപഭോക്താവ് നൽകിയ പരിധിക്കുള്ളിലെ തുകയാണ് ഇത്തരത്തിൽ വ്യാപാരിക്ക് പിൻവലിക്കാനാവുക. നിലവിൽ യു.പി.ഐ ഉപഭോക്താക്കൾ ഓഹരി- മ്യൂച്വൽ ഫണ്ട്, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, ആപ്പിൾ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ മ്യൂസിക് സ്ട്രീമിങ് ആപ്പുകളുടെ വരിസംഖ്യ എന്നിവക്ക് പലതവണ പണമിടപാടുകൾ നടത്തുന്നത് ഓട്ടോപേ സൗകര്യം വഴിയാണ്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വെർച്വൽ പേമന്റ് വിലാസം (വി.പി.എ) നൽകിയോ ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌തോ ആണ് ഇടപാടുകൾ നടത്തുക.
ആവർത്തിച്ചുള്ള ഇടപാടുകൾക്കോ ഒറ്റത്തവണ ഇടപാടിനോ വേണ്ടി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെ തുക എടുക്കുന്നത് സാധാരണ ഉപഭോക്താവിന്റെ അനുമതിയോടെയാണ്. പുതിയ സംവിധാനം വന്നുകഴിഞ്ഞാൽ അനുവദനീയമായ പരമാവധി തുകക്ക് ഒന്നിലധികം ഇടപാടുകൾ നടത്താൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്താൽ ആദ്യം ബുക്കിങ് തുകയും താമസിച്ചതിനുശേഷം ബാക്കി തുകയും നൽകണം. പുതിയ സംവിധാനം വന്നാൽ പണം സ്വീകരിക്കാൻ ഹോട്ടലിന് അനുമതി നൽകാനാവും. പല തവണ യു.പി.ഐ ആപ്പുകൾ തുറക്കാതെ ഹോട്ടലിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് എപ്പോൾ വേണമെങ്കിലും നിങ്ങൾ അനുവദിച്ച തുക ഇതിലൂടെ ഈടാക്കാനാകും.
കൃത്യമായി പണം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാൽ ഈ സൗകര്യം ഇടപാടുകളുടെ വിശ്വാസം കൂട്ടും. അതേസമയം, സേവനം ലഭിക്കുന്നതുവരെ പണം ഉപഭോക്താവിന്റെ അക്കൗണ്ടിൽ തുടരും. പുതിയ സംവിധാനം നടപ്പാക്കാൻ നാഷനൽ പേമന്റ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് (എൻ.പി.സി.ഐ) പ്രത്യേക നിർദേശം നൽകും.
അതേസമയം, എല്ലാ ഇടപാടുകളും നിക്ഷേപങ്ങളും ഉൾപ്പെടുത്താൻ ഭാരത് ബിൽ പേമന്റ് സിസ്റ്റത്തിന്റെ (ബി.ബി.പി.എസ്) പരിധി വിപുലീകരിക്കുമെന്നും അറിയിച്ചു.
ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റിൽ നിങ്ങൾ ഒരു നിശ്ചിത തുക എടുക്കാൻ അനുമതി നൽകിയാൽ നിങ്ങൾ നടത്തുന്ന ഓരോ പർച്ചേസിനും ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് ഈ തുകയിൽ നിന്ന് പണം കുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.