അംബേദ്കറെ അധിക്ഷേപിച്ച ആർ.എസ്.എസ് നേതാവ് ആർ.ബി.വി.എസ് മണിയൻ അറസ്റ്റിൽ
text_fieldsചെന്നൈ: ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറിനും ദാർശനികനായ തിരുവള്ളുവരിനും എതിരെ അധിക്ഷേപ പരാമർശം നടത്തിയ ആർ.എസ്.എസ് ചിന്തകനായി അറിയപ്പെടുന്ന ആർ.ബി.വി.എസ് മണിയൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ ആധ്യാത്മികപ്രഭാഷകനും വിശ്വഹിന്ദുപരിഷത്ത് നേതാവുമായ ഇയാളെ ചെന്നൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.
അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം. ജാതിമേൽക്കോയ്മയുടെ മഹത്ത്വം വിവരിച്ച് മണിയൻ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇന്ത്യൻ ഭരണഘടന തയാറാക്കിയത് അംബേദ്കറാണെന്നു പറയുന്നത് അസംബന്ധമാണെന്ന് അദ്ദേഹത്തെ ജാതിപറഞ്ഞ് അധിക്ഷേപിച്ചുകൊണ്ട് മണിയൻ വാദിക്കുന്നു. ഭരണഘടന തയ്യാറാക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷൻ രാജേന്ദ്രപ്രസാദായിരുന്നു. അതിൽ ഒരു ഗുമസ്തന്റെ പണിമാത്രമാണ് ടൈപ്പിസ്റ്റായ അംബേദ്കറെടുത്തതെന്നും മണിയൻ അധിക്ഷേപിക്കുന്നു. ‘ഭരണഘടനയ്ക്ക് വേണ്ടി സംഭാവന ചെയ്ത വ്യക്തിയായി അംബേദ്ക്കറിനെ കാണരുത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്ക്കറിനെ കാണാൻ പാടുള്ളു. ഭരണഘടനയിൽ അദ്ദേഹത്തിന് യാതൊരു പങ്കുമല്ല. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. പലരും നടത്തിയ പ്രസംഗങ്ങൾ പകർത്തിയെഴുതുമ്പോൾ തെറ്റുവരാതെ നോക്കുക എന്നതായിരുന്നു അംബേദ്കറുടെ ജോലി. തമിഴ്നാട്ടിലെ വിസികെ നേതാവ് തിരുമാവളവൻ താൻ അംബേദ്കറുടെയാളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇരുവരും രണ്ട് ജാതിക്കാരാണ്’ -രണ്ടുപേരുടെയും ജാതി എടുത്തുപറഞ്ഞുകൊണ്ട് മണിയൻ പ്രസംഗത്തിൽ പറയുന്നു.
തമിഴ്ജനത ആരാധിക്കുന്ന തിരുവള്ളുവർ ജീവിച്ചിരുന്നിട്ടേയില്ലെന്നും ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവായ മണിയൻ പറയുന്നുണ്ട്. സനാതനധർമം പിന്തുടരുന്നവരാണ് തങ്ങളെന്നും ഇന്ത്യയെ രക്ഷിക്കാൻ നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രമേ കഴിയുകയുള്ളൂവെന്നും വിഎച്ച്പി മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന മണിയൻ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.