Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനസംഖ്യ അടിസ്ഥാനത്തിലെ...

ജനസംഖ്യ അടിസ്ഥാനത്തിലെ മണ്ഡല പുനർനിർണയം: പുതിയ വാദവുമായി അസം മുഖ്യമന്ത്രി

text_fields
bookmark_border
ജനസംഖ്യ അടിസ്ഥാനത്തിലെ മണ്ഡല പുനർനിർണയം: പുതിയ വാദവുമായി അസം മുഖ്യമന്ത്രി
cancel

ഗുവാഹതി: ജനസംഖ്യാടിസ്ഥാനത്തിൽ നിയമസഭ, പാർലമെന്റ് മണ്ഡലങ്ങൾ വിഭജിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ. ഇത് സർക്കാറിന്റെ രണ്ടു കുട്ടികൾ എന്ന നയം അനുസരിക്കുന്നവരെ ശിക്ഷിക്കുന്നതിനും ഈ നയം അവഗണിച്ച് ‘12 കുട്ടികളെ ജനിപ്പിക്കുന്നവർക്ക്’ പാരിതോഷികം നൽകുന്നതിനും തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിന് (എൻ.ആർ.സി) കഴിയാത്ത സുരക്ഷാ മുൻകരുതലുകൾ നൽകാൻ മണ്ഡല പുനർനിർണയ പ്രക്രിയക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയല്ലാതെയുള്ള മറ്റു മാനദണ്ഡങ്ങളും ഭാവിയിലെ മണ്ഡല പുനർനിർണയത്തിന് പരിഗണിക്കണം. മറ്റു സംസ്ഥാനങ്ങൾ ചെയ്തതുപോലെ 2001ലെ സെൻസസ് അടിസ്ഥാനമാക്കി അസം ലോക്സഭ, നിയമസഭ മണ്ഡല പുനർനിർണയം നടത്തും. 1971ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 1976ലാണ് സംസ്ഥാനത്ത് അവസാനമായി അതിർത്തിനിർണയം നടത്തിയത്. നിലവിലെ നിയമമനുസരിച്ച് ജനസംഖ്യയാണ് അടിസ്ഥാനം. എന്നാൽ, ചില സമുദായങ്ങൾ ജനസംഖ്യാ നിയന്ത്രണനയം പാലിച്ചു. മറ്റുചിലർ അങ്ങനെ ചെയ്തില്ല. എന്നാൽ, നയം ലംഘിക്കുന്നവർക്ക് പാരിതോഷികവും അനുസരിക്കുന്നവർക്ക് ശിക്ഷയും നൽകുന്നു. അതിനാൽ അടുത്ത അതിർത്തിനിർണയത്തിൽ ജനസംഖ്യാ നിയന്ത്രണ നയം പാലിക്കുന്ന ആളുകൾക്ക് ശിക്ഷ നൽകണോ അതോ പാരിതോഷികം നൽകണോയെന്ന് പാർലമെന്റ് ചർച്ചചെയ്യുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എൻ.ആർ.സി പരാജയപ്പെട്ടു, അസം കരാർ പ്രതീക്ഷക്കൊത്തുയർന്നില്ല. നിയമസഭ മണ്ഡലങ്ങൾ പുനർനിർണയം ഒരു പ്രക്രിയയാണ്. അതിലൂടെ അസമിന്റെ ഭാവി രണ്ടു പതിറ്റാണ്ട് സംരക്ഷിക്കാൻ കഴിയും, കുറഞ്ഞത് നിയമസഭയെ ജനസംഖ്യാപരമായ മാറ്റങ്ങളാൽ ബാധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാമെന്ന് പുതുവർഷത്തിൽ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വരുന്ന പുനർനിർണയത്തിൽ മണ്ഡലാടിസ്ഥാനത്തിൽ വിഭജനം നടത്തണമെന്ന നിലവിലെ നിയമത്തിന് അനുസൃതമായി മുന്നോട്ടുപോകും. ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപടിക്കിടെ അസമിൽ ജനസംഖ്യാപരമായ മാറ്റമുണ്ടായതായി അദ്ദേഹം പറഞ്ഞു. എന്നാൽ, 2021ലെ സെൻസസ് രേഖകൾ ലഭ്യമായശേഷം മാത്രമേ വ്യക്തമാവൂ.

നേരത്തേ, ഡിസംബർ 27ന് അസമിലെ അസംബ്ലി, പാർലമെന്റ് മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ ആരംഭിച്ചതായും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അഭ്യർഥനപ്രകാരം 2001ലെ സെൻസസ് കണക്കുകൾ സീറ്റുകളുടെ പുനഃക്രമീകരണത്തിന് ഉപയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നു.

എന്നാൽ, അസമിലെ മുസ്‍ലിം ഭൂരിപക്ഷ സീറ്റുകൾ തങ്ങളുടെ നേട്ടത്തിനായി മാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തിൽ പ്രതിഷേധിച്ചു.

2011ലെ സെൻസസിനു പകരം 2001ലെ സെൻസസ് വിവരങ്ങൾ ഉപയോഗിക്കുന്നതിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. 2011ലെ സെൻസസ് അനുസരിച്ച്, അസമിലെ മുസ്‍ലിം ജനസംഖ്യ 3.3 ശതമാനം വർധിച്ചു. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന വളർച്ചയാണ്. എന്നാൽ, ഈ ആരോപണങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി തള്ളി.

നിയമസഭ, ലോക്‌സഭ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‍ സമയപരിധി നിശ്ചയിച്ചിരിക്കെ, നിലവിലെ നാലു ജില്ലകളെ മറ്റു നാലു ജില്ലകളുമായി അസം ലയിപ്പിച്ചിരുന്നു. ഇതോടെ 35 ജില്ലകള്‍ 31 ആയി. 2023 ജനുവരി ഒന്നു മുതൽ പുനർനിർണയം പൂർത്തിയാകുന്നതുവരെ സംസ്ഥാനത്ത് പുതിയ ഭരണനിർവഹണ യൂനിറ്റുകൾ സൃഷ്ടിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷൻ നിരോധിച്ചിരുന്നു. മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നാലു ജില്ലകളെ പുനരുജ്ജീവിപ്പിക്കുമെന്നും നാലു ജില്ലകളിലെ ജുഡീഷ്യല്‍, പൊലീസ്‌, അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫിസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് പുനർനിർണയം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ജില്ലകളെ ലയിപ്പിക്കാനുള്ള അസം സർക്കാറിന്റെ നീക്കത്തെ പ്രതിപക്ഷം വിമർശിച്ചു, ഇത് വോട്ടർമാരെ ധ്രുവീകരിക്കാനുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് ആരോപിച്ചു.

നിലവിലെ അസം നിയമസഭയുടെ കാലാവധി 2026 മേയ് 20നാണ് അവസാനിക്കുക. സംസ്ഥാനത്ത് 14 ലോക്‌സഭ, 126 നിയമസഭ, ഏഴു രാജ്യസഭ സീറ്റുകളാണുള്ളത്. അതേസമയം, ബി.ജെ.പി 2008ലെ അവസാന മണ്ഡല പുനർനിർണയത്തെ എതിർത്തിരുന്നു. ‘അനധികൃത കുടിയേറ്റക്കാരെ’ തുരത്താനുള്ള എൻ.ആർ.സിക്കുശേഷം മാത്രമേ ഇത് നടപ്പാക്കാവൂ എന്ന് ശഠിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assam Chief MinisterRe delimitation of constituencies
News Summary - Re-delimitation of constituencies on the basis of population: Assam CM with new argument
Next Story