നബാം റെബിയ വിധി പുനഃപരിശോധന: കേസ് വിധി പറയാൻ മാറ്റി
text_fieldsന്യൂഡൽഹി: 2022 ജൂണിൽ ശിവസേനയിലുണ്ടായ പിളർപ്പുമായി ബന്ധപ്പെട്ട ഹരജികളുടെ വെളിച്ചത്തിൽ 2016ലെ നബാം റെബിയ വിധി പുനഃപരിശോധനക്കായി ഏഴംഗ ബെഞ്ചിന് വിടണോ എന്ന കാര്യം സുപ്രീംകോടതി വിധി പറയാൻ മാറ്റി. സാമാജികരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരവുമായി ബന്ധപ്പെട്ട നിർണായക വിധിയാണിത്. അരുണാചൽപ്രദേശ് നിയമസഭ സ്പീക്കറായിരുന്നു ബി.ജെ.പി നേതാവായ നബാം റെബിയ.
സഭയിൽ സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നേരത്തേ പരിഗണനയിലുണ്ടെങ്കിൽ, എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള നടപടിയുമായി സ്പീക്കർക്ക് മുന്നോട്ടുപോകാനാകില്ല എന്നാണ് നബാം റെബിയ കേസിൽ 2016ൽ ഭരണഘടന ബെഞ്ച് വിധിച്ചത്. ഈ വിധിയാണ് ഏക്നാഥ് ഷിൻഡെ വിഭാഗം എം.എൽ.എമാർക്ക് തുണയായത്. താക്കറെ അനുകൂലിയായിരുന്ന ഡെപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവലിനെതിരെ ഷിൻഡെ ഗ്രൂപ് നൽകിയ നോട്ടീസ് നിലനിൽക്കെയായിരുന്നു ഉദ്ദവ് താക്കറെ വിഭാഗം വിമതരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടത്.
കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഉദ്ധവ് താക്കറെ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരുടെ അഭിഭാഷകരുടെ വാദങ്ങൾ കേട്ടു. നബാം റെബിയ വിധിയുമായി ബന്ധപ്പെട്ടാണ് വാദങ്ങളെന്നും കേസ് വിധിപറയാൻ മാറ്റുകയാണെന്നും ബെഞ്ച് വ്യക്തമാക്കി. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും എം.എം. സിങ്വിയുമാണ് ഉദ്ധവ് താക്കറെ വിഭാഗത്തിനുവേണ്ടി ഹാജരായത്. നബാം റെബിയ വിധി പുനഃപരിശോധിക്കാൻ വിശാല ബെഞ്ചിന് കൈമാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാലിത് ഷിൻഡെ ഗ്രൂപ്പിനുവേണ്ടി ഹാജരായ അഭിഭാഷകർ ഹരീഷ് സാൽവെയും എൻ.കെ. കൗളും എതിർത്തു.
മഹാരാഷ്ട്ര ഗവർണർക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിശാലബെഞ്ചിന് വിടുന്നതിനെതിരെ നിലപാടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.