രാമക്ഷേത്രം എപ്പോൾ തുറക്കുമെന്ന് പ്രഖ്യാപിക്കാൻ അമിത് ഷായാണോ അവിടുത്തെ മുഖ്യ പൂജാരി -ഖാർഗെ
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാമക്ഷേത്രം എപ്പോൾ തുറക്കുമെന്ന് പ്രഖ്യാപിക്കാൻ അമിത് ഷാ അവിടുത്തെ മുഖ്യ പൂജാരിയാണോയെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കേണ്ടുന്നതിന് പകരം ക്ഷേത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കേന്ദ്ര മന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഹരിയാനയിലെ പാനിപ്പത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാർഗെ.
'ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. അമിത് ഷാ അവിടെ പോയി പ്രഖ്യാപിക്കുകയാണ് രാമക്ഷേത്രം നിർമാണം പൂർത്തിയാക്കി അടുത്ത ജനുവരി ഒന്നിന് തുറന്നുനൽകുമെന്ന്. എല്ലാവർക്കും ദൈവത്തിൽ വിശ്വാസമുണ്ട്. പക്ഷേ, നിങ്ങൾ ഇക്കാര്യം എന്തിനാണ് തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കുന്നത്' -ഖാർഗെ ചോദിച്ചു.
അമിത് ഷായാണോ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി. അവിടുത്തെ പൂജാരിമാരെയും സന്യാസിമാരെയും ഇതേക്കുറിച്ച് പറയാൻ അനുവദിക്കൂ. നിങ്ങൾ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യത്തെ ക്രമസമാധാന നില ഉറപ്പുവരുത്തുകയും ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുകയും കർഷകർക്ക് മാന്യമായ വില നൽകുകയുമൊക്കെയാണ് നിങ്ങളുടെ കടമ -ഖാർഗെ ചൂണ്ടിക്കാട്ടി.
രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് കഴിഞ്ഞ ദിവസമാണ് അമിത് ഷാ പ്രഖ്യാപിച്ചത്. 2024ലെ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള ബി.ജെ.പിയുടെ തുറുപ്പു ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രം. ക്ഷേത്രം ഉദ്ഘാടനം ഒരു നാഴികക്കല്ലായാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.