മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ട സന്ദേശത്തിന് ലൈക്കടിച്ചു; സർവിസിൽനിന്ന് പുറത്താക്കിയ ആർ.പി.എഫ് കോൺസ്റ്റബിളിനെ തിരിച്ചെടുക്കണമെന്ന് ഹൈകോടതി
text_fieldsചെന്നൈ: ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് കൊല്ലപ്പെട്ടുവെന്ന വാട്ട്സ്ആപ്പ് സന്ദേശത്തിന് താഴെ ലൈക്കടിച്ചതിന് സർവിസിൽനിന്ന് പുറത്താക്കപ്പെട്ട കോൺസ്റ്റബിളിനെ തിരിച്ചെടുക്കണമെന്ന് മദ്രാസ് ഹൈകോടതി. സർവിസിൽനിന്ന് പുറത്തായ ആർ.പി.എഫ് കോൺസ്റ്റബിൾ നരേന്ദ്ര ചൗഹാനെ തിരിച്ചെടുക്കണമെന്ന് സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആർ.പി.എഫ് ഡയറക്ടർ ജനറൽ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ച് നരേന്ദ്ര ചൗഹാന് അനുകൂലമായി ഉത്തരവിട്ടത്.
തംബ്സ് അപ്പ് ഇമോജി ‘ഒ.കെ’ എന്ന വാക്കിന് പകരമായി കണക്കാക്കാമെന്നും കൊലപാതകം ആഘോഷിച്ചതല്ലെന്നും ജസ്റ്റിസുമാരായ ഡി. കൃഷ്ണകുമാറും ആർ. വിജയകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ‘പ്രസ്തുത ചിഹ്നം പങ്കിടുന്നത് ഒരിക്കലും ക്രൂരമായ കൊലപാതകത്തിന്റെ ആഘോഷമായി കണക്കാക്കാനാവില്ല. സന്ദേശം കണ്ടു എന്ന് അറിയിക്കുക മാത്രമാണ് അതിലൂടെ ഹരജിക്കാരൻ ഉദ്ദേശിച്ചത്’ -കോടതി ചൂണ്ടിക്കാട്ടി.
2018ലാണ് കേസിനാസ്പദമായ സംഭവം. അസിസ്റ്റന്റ് കമാൻഡന്റ് കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശത്തോട് ചൗഹാൻ തംബ്സ് അപ്പ് ഇമോജി ഉപയോഗിച്ച് പ്രതികരിക്കുകയായിരുന്നു. ഇത് കൊലപാതകത്തിനുള്ള മോശം പെരുമാറ്റവുമായി കണക്കാക്കി ഇദ്ദേഹത്തെ സർവിസിൽനിന്ന് നീക്കം ചെയ്തു. ഇതിനെതിരെ 2021ൽ ചൗഹാൻ ഹൈകോടതിയെ സമീപിച്ചു. ഇമോജി അബദ്ധത്തിൽ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹത്തെ സർവിസിൽ തിരിച്ചെടുക്കണമെന്നും നിർദേശിച്ച് കഴിഞ്ഞവർഷം സിംഗിൾ ജഡ്ജി ഉത്തരവിട്ടു. ഇതിനെതിരെ ആർ.പി.എഫ് ഡയറക്ടർ ജനറൽ അപ്പീൽ നൽകുകയായിരുന്നു.
ആർ.പി.എഫ് അംഗമായ ചൗഹാൻ ഉയർന്ന നിലവാരത്തിലുള്ള അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥനാണെന്ന് ഡെപ്യൂട്ടി സോളിസ്റ്റർ ജനറൽ കെ. ഗോവിന്ദരാജൻ കോടതിയിൽ വാദിച്ചു. മേലുദ്യോഗസ്ഥന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട സന്ദേശത്തിൽ തംബ്സ് അപ്പ് ഇമോജി ഉപയോഗിക്കുന്നത് ആഘോഷത്തിന്റെ വ്യക്തമായ അടയാളവും മോശം പെരുമാറ്റമാണെന്നും അദ്ദേഹം കോടതിയിൽ ഉന്നയിച്ചു.
എന്നാൽ, ചൗഹാന് വാട്ട്സ്ആപ്പിൽ അത്ര പരിചയമില്ലെന്നും തെറ്റായി ഇമോജി ഉപയോഗിക്കുകയായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിനെതിരെ മറ്റു ആരോപണങ്ങളൊന്നും ഇല്ലാത്തതിനാൽ വിശദീകരണം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. സർവിസിൽനിന്ന് പുറത്താക്കിയ നടപടി സിംഗിൾ ബെഞ്ച് റദ്ദാക്കിയതും തിരിച്ചെടുക്കാൻ നിർദേശിച്ചതും ശരിയാണെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു. കോൺസ്റ്റബിൾ നരേന്ദ്ര ചൗഹാനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ ആർ. കവിൻ പ്രസാത്തും കെ. മവോഅ ജേക്കബും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.