Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ മാറ്റം:...

നോട്ട്​ മാറ്റം: ഡിസംബര്‍ 30വരെ സഹിക്കണം –മോദി

text_fields
bookmark_border
നോട്ട്​ മാറ്റം: ഡിസംബര്‍ 30വരെ സഹിക്കണം –മോദി
cancel

പനജി: നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ, കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബര്‍ 30വരെ സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്നും പിന്നീട് ജനങ്ങളാഗ്രഹിച്ച വിധത്തില്‍ ഇന്ത്യയെ മാറ്റുമെന്നും മോദി പറഞ്ഞു.  ഇന്ത്യയെ അഴിമതിരഹിതമാക്കാന്‍ ഇനി ബിനാമി സ്വത്തുക്കള്‍ക്കെതിരെയാണ് നടപടി വരികയെന്നും മോദി അറിയിച്ചു. ഗോവയിലെ മോപ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്‍െറ ശിലാസ്ഥാപനവും ഇലക്ട്രോണിക് സിറ്റിയുടെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി. ‘രൂപമാറ്റ’ വിഷയത്തില്‍ ഇന്ത്യയില്‍ വെച്ച് ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി മുക്കാല്‍ മണിക്കൂര്‍ പ്രസംഗത്തിനിടെ വികാരാധീനനായി. രാജ്യത്തിനുവേണ്ടി കുടുംബവും വീടും ഉപേക്ഷിച്ച താന്‍ ഓഫിസ് കസേരയില്‍ ഇരിക്കാന്‍ വേണ്ടിയല്ല ജനിച്ചുവീണതെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കുന്നുവെന്നും 50 ദിവസത്തെ കഷ്ടപ്പാടേയുണ്ടാവൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘അതിനുശേഷം തന്‍െറ ഈ പ്രവൃത്തിയിലും ഉദ്ദേശ്യത്തിലും എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് എന്നെ പരസ്യമായി തൂക്കിലേറ്റാം. ആരെങ്കിലും ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ വേദനയുമുണ്ട്’’- പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ ഇടക്കിടെ ബാങ്കില്‍ പോകേണ്ടതില്ല. അവശ്യ സമയത്ത് പണം ലഭ്യമാക്കും. 50 ദിവസത്തെ ശുദ്ധീകരണത്തിനുശേഷം ഒരു കൊതുകുപോലും പറക്കില്ളെന്നും മോദി ആലങ്കാരികമായി വ്യക്തമാക്കി.

തനിക്കെതിരായ ശക്തികളെ അറിയാം. 70 വര്‍ഷമായി  കൊള്ള നടത്തുന്നതിനിടെ നോട്ട് അസാധുവാക്കിയതിന്‍െറ പരിഭ്രമമാണവര്‍ക്ക്. എല്ലാ പ്രത്യാഘാതങ്ങളും നേരിടാന്‍ തയാറാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ‘‘അവര്‍ തന്നെ ഇല്ലാതാക്കിയേക്കാം. എന്തും നേരിടാന്‍ തയാറാണ്. ജനങ്ങള്‍ അധികാരത്തിലേറ്റിയത് കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പൊരുതാനാണ്.  ആദ്യ മന്ത്രിസഭാ യോഗത്തില്‍ കള്ളപ്പണം അന്വേഷിക്കാന്‍ കമീഷനെ നിയമിച്ചതില്‍നിന്ന് എല്ലാം വ്യക്തമാണ്.  ഈ സര്‍ക്കാര്‍ ജനങ്ങളെ ഒരിക്കലും ഇരുട്ടത്ത് നിര്‍ത്തില്ല’’- മോദി പറഞ്ഞു. നവംബര്‍ എട്ടിന് രാത്രി തന്‍െറ പ്രഖ്യാപനത്തിനുശേഷം കോടിക്കണക്കിന് ജനങ്ങള്‍ സുഖമായി ഉറങ്ങി. എന്നാല്‍, കള്ളപ്പണമുള്ള കുറച്ച് ലക്ഷം പേര്‍ ഉറങ്ങാന്‍ ഉറക്കഗുളിക വാങ്ങാന്‍ പോയെന്നും മോദി കളിയാക്കി.

കല്‍ക്കരി, 2ജി തുടങ്ങിയ അഴിമതികള്‍ നടത്തിയവര്‍ 4000 രൂപ മാറ്റിയെടുക്കാന്‍ വരിനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാമര്‍ശിക്കാതെ പ്രധാനമന്ത്രി സൂചിപ്പിച്ചു.  കോണ്‍ഗ്രസിന് 25 പൈസ നിരോധിക്കാനുള്ള ധൈര്യമേയുള്ളൂ. പ്രതിപക്ഷത്തിന്‍െറ വിമര്‍ശനങ്ങളെ അദ്ദേഹം എഴുതിത്തള്ളി. രോഷാകുലരായാല്‍ താന്‍ ഒന്നും ചെയ്യില്ളെന്നാണ് പ്രതിപക്ഷത്തിന്‍െറ ചിന്ത. പക്ഷേ, പച്ചക്ക് കത്തിച്ചാല്‍ പോലും ഭയക്കില്ല. പത്ത് മാസം മുമ്പേ ചെറുസംഘം രൂപവത്കരിച്ച് നോട്ട് അസാധുവാക്കല്‍ പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമായി തുടങ്ങിയിരുന്നതായി മോദി പറഞ്ഞു.

പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയപോലെ പെട്ടെന്ന് നടപടിയെടുക്കാനാവുമായിരുന്നില്ല. നോട്ട് അച്ചടിക്കുന്നതുള്‍പ്പെടെയുള്ള വിവിധ ഘട്ടങ്ങള്‍ ആവശ്യമായിരുന്നു. സ്വര്‍ണം വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് നിരവധി എം.പിമാര്‍ ആവശ്യപ്പെട്ടത് കേട്ട് താന്‍ ഞെട്ടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അവധിയില്ലാതെ ജോലിയെടുക്കുന്ന ബാങ്ക് ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modidemonetisationcurrency demonetization
News Summary - Ready To Face Any Punishment Narendra Modi On Currency Ban
Next Story