'വധശിക്ഷ നൽകാം'; സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി ബാബ രാംദേവ്
text_fieldsന്യൂഡൽഹി: പതഞ്ജലിയുടെ പരസ്യങ്ങൾ സംബന്ധിച്ച സുപ്രീംകോടതി പരാമർശത്തിൽ പ്രതികരണവുമായി യോഗ ഗുരു ബാബ രാംദേവ്. വ്യാജ പ്രചാരണങ്ങളോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാമ്പയിനോ പതഞ്ജലി ഗ്രൂപ്പ് നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ബാബ രാംദേവ് സുപ്രീംകോടതി പരാമർശത്തിൽ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ പതഞ്ജലിയെ സുപ്രീംകോടതി ശാസിച്ചുവെന്ന വാർത്ത വലിയ പ്രാധാന്യത്തോടെ നൽകിയിരുന്നു. എന്നാൽ, വ്യാജ പ്രചാരണം നടത്തുകയാണെങ്കിൽ നടപടിയുണ്ടാവുമെന്ന് മാത്രമാണ് സുപ്രീംകോടതി പറഞ്ഞത്. തങ്ങൾ വ്യാജ പ്രചാരണം നടത്താറില്ലെന്നും ബാബ രാംദേവ് വിശദീകരിച്ചു.
ചില ഡോക്ടർമാർ ഒരു ഗ്രൂപ്പുണ്ടാക്കി യോഗക്കും ആയുർവേദത്തിനുമെതിരെ നിരന്തരമായി പ്രചാരണം നടത്തുകയാണ്. ഞങ്ങൾ നുണ പറയുന്നവരാണെങ്കിൽ 1000 കോടി പിഴശിക്ഷ വിധിച്ചോട്ടെ. ഞങ്ങൾക്ക് വധശിക്ഷ വിധിച്ചാലും പ്രശ്നമില്ല. ഞങ്ങൾ നുണ പറയുന്നവരല്ലെന്ന് തെളിഞ്ഞാൽ തങ്ങൾക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച ആളുകൾക്കെതിരായി നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാബാ രാംദേവിന്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായ അവകാശവാദങ്ങളോ നൽകുന്ന പരസ്യങ്ങൾ പാടില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. പതഞ്ജലി ഉൽപ്പന്നങ്ങൾക്കെതിരെ ഐ.എം.എ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങൾക്കും ഒരുകോടി രൂപ വീതം പിഴ ചുമത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ബാബ രാംദേവിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.