വായ്പ ഒറ്റത്തവണ തീർപ്പാക്കാൻ തയ്യാറെന്ന് മല്യ
text_fieldsന്യൂഡൽഹി: വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീർപ്പാക്കലിനു സന്നദ്ധനാണെന്ന് സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം അറിയിച്ചത്.
പ്രശ്ന പരിഹാരത്തിന് സുപ്രീംകോടതി ബാങ്കുകളോട് നിർദേശിക്കുമെന്നാണു പ്രതീക്ഷ. എല്ലാ കോടതി ഉത്തരവുകളെയും ഏറ്റവും ബഹുമാനത്തോടെ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. എന്നാൽ, വിചാരണ പോലും കൂടാതെ, തന്നെ പ്രതിസ്ഥാനത്തു നിർത്താനാണ് സർക്കാരിനു തിടുക്കം. കേസിൽ സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ സ്വീകരിച്ച നിലപാട് തന്നോടുള്ള സർക്കാരിെൻറ നയത്തിന് തെളിവാണെന്നും മല്യ ആരോപിച്ചു.
അതേസമയം, സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തൽ സത്യസന്ധമാണോയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിജയ് മല്യയോട് ആരാഞ്ഞിരുന്നു. മല്യക്കെതിരെ ബാങ്കുകളുടെ കൺസോർഷ്യം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായായിരുന്നു കോടതിയുടെ ചോദ്യം.
ജസ്റ്റിസുമാരായ എ.കെ. ഗോയലും യു.യു. ലളിതും ഉൾപ്പെട്ട ബെഞ്ചാണ് സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിലെ സത്യസന്ധതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. നാലു കോടി ഡോളർ മക്കളുടെ പേരിലേക്കു മാറ്റിയത് കർണാടക ഹൈക്കോടതി വിധിക്കെതിരാണെന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ പരാതിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
വായ്പ തിരിച്ചടവ് കേസിൽ പ്രത്യേക കോടതി ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചതോടെ ബ്രിട്ടനിലേക്ക് മുങ്ങിയ മല്യ ഇപ്പോൾ അവിടെയാണുള്ളത്. മല്യയെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഐ.ഡി.ബി.ഐ ബാങ്കിൽനിന്ന് 900 കോടി രൂപ അടക്കം വിവിധ ബാങ്കുകളിൽനിന്നെടുത്ത 7000 കോടി രൂപ വായ്പയാണ് മല്യ തിരിച്ചടക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.