കോൺഗ്രസ് ആവശ്യപ്പെട്ടാൽ ബീഫ് നിരോധിക്കാൻ തയാറാണെന്ന് ഹിമന്ത ബിശ്വ ശർമ്മ
text_fieldsഗുവാഹത്തി: കോൺഗ്രസ് ആവശ്യപ്പെട്ടാൽ ബീഫ് നിരോധിക്കാൻ തയാറാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതിനായി കോൺഗ്രസ് അധ്യക്ഷൻ ഭുപെൻ കുമാർ ബോറ തനിക്ക് കത്തയച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ സമാഗുരിയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ജയിക്കാൻ ബി.ജെ.പി ബീഫ് വിതരണം ചെയ്തുവെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിലാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.
കഴിഞ്ഞ അഞ്ച് തവണയായി മണ്ഡലത്തിൽ കോൺഗ്രസായി ജയിക്കുന്നത്. പ്രതിപക്ഷം വിഷയം ഉയർത്തിയതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കഴിഞ്ഞ 25 വർഷമായി സാമഗുരി കോൺഗ്രസിന്റെ കൈവശമായിരുന്നു. ഇവിടെ 25,000 വോട്ടിന്റെ തോൽവിയാണ് കോൺഗ്രസ് വഴങ്ങിയത്. ബി.ജെ.പിയുടെ വിജയത്തേക്കാളുപരി മണ്ഡലത്തിൽ ശ്രദ്ധിക്കപ്പെട്ടത് കോൺഗ്രസിന്റെ പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ ദിപുല രഞ്ജൻ ശർമ്മ കോൺഗ്രസ് എം.പി രാകിബുൽ ഹുസൈനിന്റെ മകൻ തൻസിലിനെയാണ് മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ ബീഫ് വിതരണം ചെയ്താണോ കോൺഗ്രസ് ജയിച്ചതെന്ന് ശർമ്മ ചോദിച്ചു. തനിക്ക് മണ്ഡലത്തെ നന്നായിട്ട് അറിയാം. ബീഫ് കൊടുത്താൽ ജയിക്കാൻ കഴിയുന്ന മണ്ഡലമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിക്ക് ബീഫ് മോശമായി തോന്നുകയാണെങ്കിൽ അത് നിരോധിക്കാൻ താൻ തയാറാണ്. അടുത്ത സമ്മേളനത്തിൽ തന്നെ ബീഫ് നിരോധിക്കാം. ഇതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെങ്കിൽ അവസാനിക്കട്ടെ. ബീഫ് നിരോധനത്തിനായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ തനിക്ക് കത്തയക്കണമെന്നും അദ്ദേഹം പറഞ്ഞു.
അസമിൽ ബീഫിന് വിലക്കില്ല. എന്നാൽ, ഹിന്ദുക്കളും സിഖുകാരും ജൈനരും കൂടുതലുള്ള പ്രദേശങ്ങളിൽ ബീഫിന്റെ വിൽപനക്ക് ചില നിയന്ത്രണങ്ങളുണ്ട്. ക്ഷേത്രങ്ങൾക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിലും ബീഫിന്റെ വിൽപനക്ക് നിയന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.