അലകടൽപോലെയെത്തി ആൾക്കൂട്ടം; ചവിട്ടിമെതിച്ച് കടന്നുപോയി
text_fieldsപ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെയുണ്ടായ തിരക്ക് നിയന്ത്രിക്കുന്ന യു.പി. അഗ്നിരക്ഷ സേനാംഗങ്ങൾ
മഹാകുംഭ് നഗർ: മൗനി അമാവാസിയുടെ ശുഭമുഹൂർത്തത്തിൽ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ ആളുകൾ അലകടൽപോലെ എത്തിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് ദൃക്സാക്ഷികൾ. പോകുന്ന പോക്കിൽ പരസ്പരം തള്ളുകയും നിലത്ത് വീണവരെയും കിടന്നുറങ്ങിയവരെയും ചവിട്ടിമെതിക്കുകയും ചെയ്താണ് ആൾക്കൂട്ടം സ്നാനദിക്കിലേക്ക് നീങ്ങിയത് - ഭയാനകമായ രാത്രിയിലെ സംഭവം ദൃക്സാക്ഷികൾ വാർത്ത ഏജൻസിയായ പി.ടി.ഐയോട് വിവരിച്ചു.
വലിയ ദുരന്തത്തിന്റെ മഹാശേഷിപ്പുപോലെ മഹാകുംഭിലെ സംഗമമേഖലയിൽ ഷൂകളും ചെരിപ്പുകളും വസ്ത്രങ്ങളും ചിതറിക്കിടന്നു. കോടിക്കണക്കിന് തീർഥാടകർ പുണ്യസ്നാനം നടത്താൻ നെട്ടോട്ടമോടുകയായിരുന്നു. തുടർന്നാണ് തിക്കുംതിരക്കുമുണ്ടായത്. വിശുദ്ധ സ്നാനത്തിനുള്ള ശുഭമുഹൂർത്തം പുലർച്ച മൂന്നിനെന്നായിരുന്നു പ്രചാരണം. ഇതിനായി നദിക്കരയിൽ തമ്പടിച്ചവർക്കും നിലത്തിരുന്നവർക്കും ഉറങ്ങിക്കിടന്നവർക്കും അരികിലേക്കാണ് ബാരിക്കേഡുകൾ തകർത്ത് വമ്പൻ ആൾക്കൂട്ടം ഓടിയടുത്തത് -ദുരന്തത്തിന് സാക്ഷ്യം വഹിച്ച അസമിൽ നിന്നുള്ള ഭക്തയായ മധുമിത പറഞ്ഞു.
‘‘ഈ ജീവിതത്തിൽ ഇനി ഇങ്ങനെയൊരു അവസരം വരില്ലെന്ന് അറിയാം. അതുകൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചെത്തി ശുഭമുഹൂർത്തത്തിൽ ഗംഗാസ്നാനം ചെയ്യാൻ കാത്തിരുന്നത്’’ - ബിഹാറിലെ ബെഗുസാരായിയിൽനിന്നുള്ള വയോധികയായ ബദാമ ദേവി പറഞ്ഞു.
144 വർഷത്തിനുശേഷമാണ് ഈ പുണ്യമുഹൂർത്തം. ഞങ്ങളത് നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല. അനേകം പേർ മുങ്ങിക്കുളിക്കാൻ തുടങ്ങുന്ന സമയത്തിനായി നിലത്ത് കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് എത്തിയ ആൾക്കൂട്ടം ആൾക്കടലായി. ബാരിക്കേഡുകൾ തകർത്ത് നീങ്ങി. ഇതോടെ തിക്കുംതിരക്കുമായി. ചിതറിക്കിടക്കുന്ന വസ്ത്രങ്ങളും ചെരിപ്പുകളും ദുരന്തത്തിന്റെ നേർസാക്ഷ്യമാണ്-ഝാർഖണ്ഡിലെ പലാമുവിൽനിന്നുള്ള രാം സുമിരൻ പറഞ്ഞു. മുങ്ങിക്കുളിക്കാൻ മാത്രമല്ല, നാഗാ സന്യാസിമാരെ കാണാനുമായിരുന്നു കാത്തിരിപ്പ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തത്തിന് മുമ്പ് ഭക്തരോട് മുൻകരുതൽ എടുക്കാൻ ആവശ്യപ്പെടുന്ന പ്രയാഗ്രാജ് ഡിവിഷനൽ കമീഷണർ വിജയ് വിശ്വാസ് പന്ത് വിഡിയോ വൈറലായി. മഹാ കുംഭസ്നാനസ്ഥലത്ത് തിരക്ക് കൂട്ടുന്നതും സ്നാനഘട്ടുകളിലേക്കുള്ള പാതയിൽ കിടന്നുറങ്ങുന്നതും ഒഴിവാക്കാൻ പന്ത് ഭക്തരെ ഉപദേശിക്കുന്നത് വിഡിയോയിൽ കാണാം. മൗനി അമാവാസി പോലുള്ള പ്രത്യേക സ്നാന ദിവസങ്ങളിൽ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കുന്നത് പാപങ്ങൾ കഴുകിക്കളയുമെന്നും മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നവരാണ് ഇവിടെയെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.