ജഗൻമോഹനെ നിരന്തരം വിമർശിച്ച വിമത എം.പിക്കെതിരെ രാജ്യദ്രോഹകുറ്റം; അറസ്റ്റ്
text_fieldsവിജയവാഡ: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയതിന് പിന്നാലെ ഭരണകക്ഷിയായ വൈ.എസ്.ആർ. കോൺഗ്രസിലെ വിമത എം.പി കെ.രഘുരാമ കൃഷ്ണം രാജുവിനെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിൽ നിന്ന് അറസ്റ്റുചെയ്ത രാജുവിനെ ഗുണ്ടൂരിലേക്ക് മാറ്റി. വെള്ളി രാത്രിമുഴുവനും ശനിയാഴ്ചയും എം.പിയെ ചോദ്യം ചെയ്തതായാണ് വിവരം.
സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരായ പ്രസ്താവനകളുടെ ഉറവിടം അറിയാനാണ് ചോദ്യം ചെയ്യലെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു.
മതസൗഹാർദം തകർക്കൽ, മുഖ്യമന്ത്രിയുടെ അന്തസിനെതിരായ നിലപാട് തുടങ്ങിയ ആരോപണങ്ങളും എഫ്.ഐ.ആറിലുണ്ട്. എം.പിക്കൊപ്പം ടി.വി-5, എ.ബി.എൻ ആന്ധ്ര ജ്യോതി ചാനലുകൾ കേസിൽ രണ്ടാം പ്രതിസ്ഥാനത്തുണ്ട്.
2012 മുതലുള്ള ഏഴ് വൻ അഴിമതി കേസുകളാണ് ജഗൻമോഹനെതിരെയുള്ളത്. ഇതിൽ ജഗൻ സി.ബി.ഐ കോടതിയിൽ വിചാരണ നേരിടുന്നുണ്ട്. ഈ കേസുകളിലെ ജാമ്യം റദ്ദാക്കണമെന്നാണ് എം.പിയുടെ ആവശ്യം. എം.പിയുടെ ഹരജി ആന്ധ്ര ഹൈകോടതി തള്ളി. ഹരജി സെഷൻസ് കോടതിയിൽ നൽകാൻ ആവശ്യപ്പെട്ടാണ് തള്ളിയത്. അദ്ദേഹത്തെ കീഴ്ക്കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.