ഒന്നിക്കണമെന്ന അപേക്ഷയുമായി വിമതർ വീണ്ടും പവാറിന് മുന്നിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാറിന്റെ ഭാഗമാകാനും ഒറ്റക്കെട്ടായി തുടരാനും ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിമതർ വീണ്ടും ശരദ്പവാറിനെ കണ്ടു. തിങ്കളാഴ്ച നിയമസഭ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് 15 എം.എൽ.എമാരുമായി അജിത്തും പ്രഫുൽ പട്ടേലും പവാറിനെ കാണാൻ വൈ.ബി. ചവാൻ സെൻട്രലിലെത്തിയത്. ഞായറാഴ്ചയും ഇവർ ഇതേ ആവശ്യവുമായി പവാറിന് മുന്നിലെത്തിയിരുന്നു. വിമതർ പറഞ്ഞത് കേട്ടതല്ലാതെ പവാർ തിരിച്ചുപ്രതികരിച്ചിട്ടില്ല.
അതേസമയം, ബംഗളൂരുവിൽ ആരംഭിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് പവാർ പോകാതിരുന്നത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. എന്നാൽ, നിയമസഭാസമ്മേളനം തുടങ്ങിയതിനാലാണ് പവാർ പ്രതിപക്ഷനേതാക്കളുടെ യോഗത്തിന് പോകാതിരുന്നതെന്നും മകൾ സുപ്രിയ സുലെക്കൊപ്പം ചൊവ്വാഴ്ച ബംഗളൂരുവിൽ എത്തുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന എൻ.ഡി.എ യോഗത്തിൽ വിമതപക്ഷ നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും പങ്കെടുക്കും.
വർഷകാല നിയമസഭാസമ്മേളനം ആരംഭിച്ച തിങ്കളാഴ്ച അജിത്തും എട്ട് മന്ത്രിമാരുമടക്കം 15 വിമത എം.എൽ.എമാരാണ് ഭരണപക്ഷക്കാരുടെ ഭാഗത്തിരുന്നത്. ഔദ്യോഗികപക്ഷത്തെ ഒമ്പത് പേർ പ്രതിപക്ഷക്കാരുടെ സീറ്റിലുമെത്തി. ശേഷിച്ചവരിൽ 28 പേർ എത്തിയില്ല. നവാബ് മാലിക് ജയിലിലാണ്. സഭാ സമ്മേളനത്തിന് തൊട്ടുമുമ്പ് ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ എൻ.സി.പി ഔദ്യോഗിക പക്ഷത്തെ ആരുമുണ്ടായില്ല. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയിൽനിന്ന് നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് മാത്രമാണ് പങ്കെടുത്തത്.
സഭ ആരംഭിച്ച് മണിക്കൂറിനകം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതോടെ തിങ്കളാഴ്ചത്തെ നടപടികൾ അവസാനിപ്പിച്ചു. ഉദ്ധവ് പക്ഷത്തുനിന്ന് ഷിൻഡെ പക്ഷത്തേക്ക് നീലം ഗോറെയേ നിയമസഭ കൗൺസിൽ ഉപാധ്യക്ഷ പദവിയിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹിഷ്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.