'ഇ.ഡി സമ്മർദത്തിൽ പാർട്ടിയിൽ നിന്ന് പോകുന്നവർ യഥാർഥ ബാൽ താക്കറെ ഭക്തരല്ല'- സഞ്ജയ് റാവത്ത്
text_fieldsമുംബൈ: രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ ആടിയുലയുന്ന നിലയിലാണെന്ന് തോന്നുമെങ്കിലും പാർട്ടി ഇപ്പോഴും ശക്തമാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. പാർട്ടിക്കകത്ത് പ്രതിസന്ധി സൃഷ്ടിച്ച വിമത എം.എൽ.എമാർ യഥാർഥ ബാൽ താക്കറെ ഭക്തരല്ലന്നും അദ്ദേഹം പറഞ്ഞു.
ഇരുപതോളം എം.എൽ.എമാർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ മുംബൈയിലേക്ക് മടങ്ങി എത്തുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുമെന്നും റാവത്ത് പറഞ്ഞു. മടങ്ങി എത്തുന്ന എം.എൽ.എമാർ എന്ത് സമ്മർദത്തിന്‍റെ പുറത്താണ് ഇങ്ങനെ ചെയ്തതെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശിവസേന എം.എൽ.എമാർക്ക് മേൽ സമ്മർദം ചെലുത്തുന്നതിനായി ഇ.ഡിയെ ദുരുപയോഗം ചെയ്തതായി റാവത്ത് ആരോപിച്ചു. ഇ.ഡിയുടെ സമ്മർദത്തിന് പുറത്ത് പാർട്ടി പിളർത്താൻ ശ്രമിക്കുന്നവർ യഥാർഥ ബാൽ താക്കറെ ഭക്തരല്ല. ഇ.ഡി സമ്മർദമുണ്ടെങ്കിലും ഉദ്ധവ് താക്കറെ സർക്കാരിന് വേണ്ടി ഉറച്ചു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഏക്നാഥ് ഷിൻഡെക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് ശിവസേന എം.എൽ.എമാർ കൂടി മുംബൈ വിട്ടു. ശിവസേനയുടെ 55 എം.എൽ.എമാരിൽ 40 പേരും ഇപ്പോൾ ഷിൻഡെ ക്യാമ്പിലാണെന്നാണ് സൂചന. ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് വിമത എം.എൽ.എമാർ ചേർന്ന് ഗവർണർക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബി.ജെ.പിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.