കർണാടകയിൽ റെക്കോഡ് പോളിങ്
text_fieldsബംഗളൂരു: പാർട്ടികൾ ചൂടേറിയ പ്രചാരണം നയിച്ച കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. 224 നിയമസഭ മണ്ഡലങ്ങളിലേക്ക് ബുധനാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ നടന്ന പോളിങ്ങിൽ 72.5 ശതമാനം വോട്ട് രേഖപ്പെടുത്തി. അന്തിമ ശതമാനം ഇനിയും ഉയരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. കഴിഞ്ഞ തവണയായിരുന്നു കർണാടകയിൽ ഇതുവരെയുള്ള റെക്കോഡ് പോളിങ് രേഖപ്പെടുത്തിയത്; 72.36 ശതമാനം.
തെളിഞ്ഞ പകലിലാണ് ജനം ബൂത്തിലേക്ക് നീങ്ങിയത്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ 8.26 ഉം 11ന് 20.94 ഉം ശതമാനത്തിലെത്തി. ഉച്ചക്ക് ഒന്നിന് 37.25ഉം വൈകീട്ട് മൂന്നിന് 52.03ഉം അഞ്ചിന് 65.59 ഉം ശതമാനമായി പോളിങ് ഉയർന്നു. 5.3 കോടി വോട്ടർമാർക്കായി ഒരുക്കിയ 58545 പോളിങ് സ്റ്റേഷനുകളിൽ 75,603 ബാലറ്റ് യൂനിറ്റുകളും 70300 കൺട്രോൾ യൂനിറ്റുകളും 76,202 വിവിപാറ്റുകളും ഉപയോഗിച്ചു. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും ഭാര്യ ചെന്നമ്മയും ഹാസനിലെ ഹൊളെ നരസിപൂരിൽ പദുവലഹിപ്പെയിൽ ഹെലികോപ്ടറിലാണ് വോട്ടുചെയ്യാനെത്തിയത്. മേയ് 18ന് 90 വയസ്സു തികയുന്ന ഗൗഡ സഹായികളുടെ ചുമലിൽ താങ്ങി ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
കലബുറഗിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഭാര്യ രാധാഭായിക്കൊപ്പമെത്തി വോട്ടു ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹാവേരി ഷിഗ്ഗോണിലെ സർക്കാർ സ്കൂളിലും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മൈസൂരു വരുണയിലെ ബൂത്തിലും രാവിലെ വോട്ട് രേഖപ്പെടുത്തി. ശിക്കാരിപുരയിലെ സ്ഥാനാർഥിയായ മകൻ ബി.വൈ. വിജയേന്ദ്രക്കൊപ്പം ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പ വോട്ടുചെയ്യാനെത്തി. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ബംഗളൂരുവിലെ വിജയനഗറിലും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ കനകപുരയിലും വോട്ടുചെയ്തു.
സഖ്യസർക്കാറിന് ഒരു സാധ്യതയുമില്ലെന്നും കോൺഗ്രസ് ഒറ്റക്ക് സർക്കാർ രൂപവത്കരിക്കുമെന്നും ഡി.കെ. ശിവകുമാറും ബി.ജെ.പി മികച്ച ഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.