അഞ്ചുതവണ കോവിഡ് വാക്സിൻ സ്വീകരിച്ചതായി രേഖകൾ; ഡോക്ടർക്കെതിരെ അന്വേഷണം
text_fieldsപട്ന: ബിഹാറിൽ അഞ്ചുതവണ കോവിഡ് വാക്സിൻ സ്വീകരിച്ച ഡോക്ടർക്കെതിരെ അന്വേഷണം. പട്നയിലെ സിവിൽ സർജനായ ഡോ. വിഭ കുമാരി സിങ്ങിനെതിരെയാണ് ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇവർ അഞ്ചു ഡോസ് വാക്സിൻ സ്വീകരിച്ചെന്നാണ് രേഖകൾ.
എന്നാൽ, താൻ നിയമാനുസൃതമായി രണ്ട് ഡോസ് വാക്സിനും ഒരു ബൂസ്റ്റർ ഡോസും മാത്രമാണ് സ്വീകരിച്ചതെന്നാണ് ഡോക്ടറുടെ വാദം. തന്റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് മറ്റാരെങ്കിലും വാക്സിൻ സ്വീകരിച്ചിരിക്കാമെന്നും അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
കോവിൻ പോർട്ടൽ പ്രകാരം 2021 ജനുവരി 28നാണ് ഡോക്ടർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 2021 മാർച്ച് 12ന് രണ്ടാംഡോസ് വാക്സിനും സ്വീകരിച്ചു. 2022 ജനുവരി 13ന് ബൂസ്റ്റർ ഡോസ് ഡോക്ടർ സ്വീകരിച്ചിരുന്നു.
എന്നാൽ, സർക്കാർ രേഖകൾ പ്രകാരം പാൻ കാർഡ് ഉപയോഗിച്ച് 2021 ഫെബ്രുവരി ആറിനും 2021 ജൂൺ 17നും ഇവർ വാക്സിൻ സ്വീകരിച്ചതായി കാണിക്കുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പട്ന ജില്ല മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.