ഗുജറാത്തിൽ മുസ്ലിം പ്രദേശങ്ങളിൽ ചുവന്ന അടയാളം; നാട്ടുകാർ ഭീതിയിൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ മുസ്ലിംകളുടെ ജീവിതത്തിൽ 2002ലെ കലാപമുണ്ടാക്കിയ ആഘാതം ചെറുതല്ല. മുസ്ലിം മേഖലകൾ തിരിച്ചറിയാൻ കലാപകാരികൾക്ക് ഉപകാരപ്പെടുംവിധം അന്ന് പ്രത്യക്ഷപ്പെട്ട അടയാളങ്ങൾ കലാപത്തെ അതിജീവിച്ചവരുടെ ഒാർമകളിലുണ്ട്. അത്തരമൊരു അടയാളം അഹ്മദാബാദിൽ പ്രത്യക്ഷപ്പെട്ടത് പ്രദേശത്തെ മുസ്ലിംകളെ ഭീതിലാഴ്ത്തി. നഗരസഭപരിധിയിൽ പഡ്ലിയിലെ മുസ്ലിം പാർപ്പിട മേഖലയിലെ മതിലുകളിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ചുവന്ന ‘X’ അടയാളം കലാപത്തിെൻറ മുന്നൊരുക്കമാണെന്ന ആശങ്കയിൽ നാട്ടുകാർ തെരഞ്ഞെടുപ്പ് കമീഷനെയും പൊലീസിനെയും സമീപിച്ചു. അതേസമയം, മാലിന്യ ശേഖരണത്തിെൻറ ചുമതലയുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ അവ ശേഖരിക്കാനുള്ള സ്ഥലങ്ങൾ രേഖപ്പെടുത്തിയതാണെന്ന് നഗരസഭ ഡെപ്യൂട്ടി ഹെൽത്ത് ഒാഫിസർ ചിരാഗ് ഷാ അറിയിച്ചു.
ജി.പി.എസ് മുഖാന്തരമാണ് മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ നിർണയിക്കുന്നത്. എന്നാൽ, സാേങ്കതിക പരിജ്ഞാനമില്ലാത്ത ജീവനക്കാർ സ്ഥലം തിരിച്ചറിയാൻ സ്വന്തം നിലയിൽ അടയാളപ്പെടുത്തിയതാവാമെന്നും ഇവ മായ്ച്ചുകളയാൻ നടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങളുടെ അറിവോടെയല്ല അടയാളപ്പെടുത്തലെന്ന് നഗരസഭയുടെ ഖരമാലിന്യ സംസ്കരണ വിഭാഗം ഡയറക്ടർ ഹർഷദ് സോളങ്കി പറഞ്ഞു.
മുസ്ലിംകൾ കൂടുതലായി താമസിക്കുന്ന 10 സ്ഥലങ്ങളിലെ മതിലുകളിലാണ് അടയാളം പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പിയുടെ കോട്ടയായി അറിയപ്പെടുന്ന എല്ലിസ് ബ്രിഡ്ജ് നിയമസഭ മണ്ഡലത്തിൽ ഉൾപ്പെട്ടതാണ് ഇൗ സ്ഥലം. കലാപകാലത്ത് ഇവിടെയും അതിക്രമങ്ങൾ നടന്നിരുന്നു. മൂന്ന് ദിവസംമുമ്പ് മേഖലയിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ‘പൽഡി മറ്റൊരു ജുഹാപുരയാവാൻ അനുവദിക്കരുത്’ എന്നായിരുന്നു അതിെൻറ ഉള്ളടക്കം. അഹ്മദാബാദിലെ ജുഹാപുര രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം ചേരികളിലൊന്നാണ്. ഇതിനു പിന്നാലെ ‘X’ അടയാളങ്ങൾകൂടി കണ്ടതോടെ ജനം പരിഭ്രാന്തരാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.