പാചകവാതക വില കുറച്ചു; മോദിയുടെ 'രക്ഷാബന്ധൻ സമ്മാനം' വിമർശനത്തിലേക്ക്
text_fieldsന്യൂഡൽഹി : രാജ്യത്തെ സ്ത്രീകൾക്ക് രക്ഷാബന്ധൻ സമ്മാനമായി എൽ.പി.ജിക്ക് 200 രൂപ കുറയ്ക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തിൽ കടുത്ത വിമർശനം. ഈ വർഷാവസാനം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കും 2024 ലെ പൊതുതിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബി.ജെ.പി ഗ്യാസ് വില കുറച്ചതെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.
2014 ജനുവരിയിൽ സബ്‌സിഡിയുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില 414 രൂപയായിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം എൽ.പി.ജി സിലിണ്ടർ വില വൻതോതിൽ വർധിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തെ മോദി ഭരണത്തിനിടയിൽ എൽ.പി.ജി വില ആയിരം കടന്നിരുന്നു. സബ്സിഡിയും സർക്കാർ ഒഴിവാക്കിയിരുന്നു. എന്നാൽ, നാമമാത്രമായ വിലക്കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിമർശനം.
വാണിജ്യ, ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ നിരക്ക് എല്ലാ മാസവും ഒന്നാം തീയതിയാണ് നിശ്ചയിക്കുന്നത്. ഇതനുസരിച്ച് ഇപ്പോൾ അനുവദിച്ച ഇളവ് പൊതുജനങ്ങൾക്ക് സെപ്റ്റംബർ ഒന്ന് മുതൽ ലഭ്യമാകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
നേരത്തെ ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില എണ്ണ കമ്പനികൾ 99.75 രൂപ കുറച്ചിരുന്നു. കമ്പനികൾ ഈ വർഷം മാർച്ച് ഒന്നിന് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 350.50 രൂപയും ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾക്ക് യൂണിറ്റിന് 50 രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വാണിജ്യ സിലിണ്ടറുകളുടെ വില കുറക്കാൻ കമ്പനികൾ തയാറായെങ്കിലും ഗാർഹിക സിലണ്ടറുകളുടെ വിലയിൽ കാര്യമായ ഇളവ് അനുവദിച്ചിരുന്നില്ല.
ചൊവ്വാഴ്ചയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പാചകവാതക വില കുറക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദി എൽ.പി.ജി സിലിണ്ടറുകൾ ഉപയോഗിക്കുന്ന ദശലക്ഷകണക്കിന് ആളുകൾക്ക് ഓണസമ്മാനമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില 200 രൂപ വീതം കുറക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. അതേ സമയം പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകൾ നൽകുമെന്നും ഇതോടെ വരും ദിവസങ്ങളിൽ മൊത്തം കണക്ഷനുകളുടെ എണ്ണം 10.35 കോടിയാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.