ജമ്മു-കശ്മീരിൽ ഹിതപരിശോധന സാധ്യമല്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭരണഘടനാപരമായി ജനാധിപത്യമുള്ള ഇന്ത്യയിൽ ജമ്മു-കശ്മീരിന്റെ കാര്യത്തിൽ ഹിതപരിശോധന സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്.
ബ്രിട്ടനിൽ ബ്രക്സിറ്റിന്റെ കാര്യത്തിൽ ഉണ്ടായതുപോലൊരു സാഹചര്യം ഇന്ത്യയെ പോലൊരു ജനാധിപത്യത്തിൽ നടക്കില്ലെന്നും ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജികളുടെ വാദത്തിനിടയിൽ സുപ്രീംകോടതി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല അടക്കമുള്ളവർ ഹിതപരിശോധന വാഗ്ദാനം ഓർമിപ്പിക്കുന്നതിനിടയിലാണ് സുപ്രീംകോടതി അക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഇന്ത്യയുമായി ചേർക്കുന്നതിനുമുമ്പ് ഹിതപരിശോധന നടത്തുമെന്ന് ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കേണ്ടതിനെ കുറിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സൂചിപ്പിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അത് സാധ്യമല്ലെന്ന് വ്യക്തമാക്കിയത്. ജമ്മു-കശ്മീരുമായി കൂടുതൽ അടുത്ത ബന്ധം രാജ്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തണമായിരുന്നുവെന്ന് സിബൽ ബെഞ്ചിനോട് പറഞ്ഞു. ബ്രക്സിറ്റിൽ ഹിതപരിശോധന നടത്തിയ കാര്യവും സിബൽ ഓർമിപ്പിച്ചു. എന്നാൽ, ഈ വാദത്തോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിയോജിച്ചു.
ഭരണഘടനാപരമായ ജനാധിപത്യത്തിൽ ജനാഭിപ്രായം തേടുന്നത് അതിന്റെ സ്ഥാപനങ്ങൾ മുഖേനയാണെന്ന് മറുപടി നൽകി. ജനഹിതം പുനഃപരിശോധിക്കാനും ആ വഴി വേണം.ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്നും ‘ഭരണഘടന സഭ’ എന്ന 370ാം അനുഛേദത്തിലെ വാക്ക് ‘നിയമസഭ’ എന്നാക്കി മാറ്റിപ്പറഞ്ഞാണ് ഇത് സാധ്യമാക്കിയതെന്നും സിബൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.