പണം ചോദിച്ചിട്ട് നൽകിയില്ല; തൊഴിൽരഹിതൻ ടെക്കിയായ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി കത്തിച്ചു
text_fieldsതിരുപ്പതി: ദിവസച്ചെലവിന് പണം നൽകാത്തതിനെ തുടർന്ന് തൊഴിൽരഹിതനായ യുവാവ് ടെക്കിയായ ഭാര്യയെ കൊലപ്പെടുത്തി. ചിറ്റൂർ ജില്ലയിലെ രാമസമുദ്രം സ്വദേശിനിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ശ്രീകാന്ത് റെഡ്ഡിയെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
ഹൈദരാബാദിലുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭുവനേശ്വരിയെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. സ്യൂട്ട്‌കേസിലാക്കിയ കത്തിക്കരിഞ്ഞ മൃതദേഹം ജൂൺ 23 ന് ശ്രീ വെങ്കട രമണ റുയ (എസ്.വി.ആർ.ആർ) സർക്കാർ ജനറൽ ആശുപത്രിക്ക് സമീപമുള്ള കുറ്റിക്കാട്ടിലാണ് കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹം കൊണ്ടുവന്നുവെന്ന് കരുതപ്പെടുന്ന ചുവപ്പ് നിറത്തിലുള്ള സ്യൂട്ട്കേസുമായി ശ്രീകാന്ത് താമസസമുച്ചയത്തിലേക്ക് വരുന്നതും പോകുന്നതും സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
'ചൊവ്വാഴ്ച ഉച്ചക്ക് കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ചുള്ള വിവരം ഞങ്ങൾക്ക് ലഭിച്ചു. ഞങ്ങൾ ഉടനെ സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചു. കുറച്ച് എല്ലുകളും തലയോട്ടിയും ഒഴികെ ശരീരം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ സഹായത്തോടെ കത്തിക്കരിഞ്ഞ മൃതദേഹം കൂടുതൽ പരിശോധനക്കായി മോർച്ചറിയിലേക്ക് അയച്ചു'-തിരുപ്പതി അലിപിരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ശ്രീകാന്ത് റെഡ്ഡി ഭുവനേശ്വരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഐ.ടി മേഖലയിൽ തന്നെ ജോലി ചെയ്തിരുന്ന ശ്രീകാന്തിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. ഏറെ നാളായി ജോലിയില്ലാതെ വീട്ടിലിരിക്കുന്നതിനാൽ തന്നെ ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കടപ്പ ജില്ലയിലെ ബഡ്വേൽ സ്വദേശിയാണ് ശ്രീകാന്ത്. കോവിഡ് പശ്ചാത്തലത്തിൽ മൂന്ന് മാസമായി ഒന്നര വയസായ മകളോടൊപ്പം തിരുപ്പതിയിലായിരുന്നു ഇരുവരും താമസിച്ച് വന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.