ശാരീരിക ബന്ധത്തിലേർപ്പെട്ടതിന് ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ഹൈകോടതി
text_fieldsമുംബൈ: പരസ്പര സമ്മതത്തോടെ ദീർഘകാല ശാരീരിക ബന്ധത്തിലേർപ്പെട്ടതിന് ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈകോടതി. കീഴ്കോടതി വിധിക്കെതിരായ അപ്പീൽ ഹരജിയിലാണ് കോടതി പരാമർശം. ഇതുമായി ബന്ധപ്പെട്ട കേസിൽ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്കോടതി വിധി ഹൈകോടതി റദ്ദാക്കി.
പാൽഘറിലെ കാശിനാഥ് ഗാരട്ട് എന്നയാൾക്കെതിരെയാണ് കീഴ്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതിന് ശേഷം വിവാഹത്തിന് വിസമ്മതിച്ചുവെന്നതായിരുന്നു ഇയാൾക്കെതിരായ കുറ്റം. ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്. എന്നാൽ, അഡീഷണൽ സെഷൻ ജഡ്ജി വഞ്ചനകേസിൽ ഇയാളെ ശിക്ഷിച്ചു. ബലാത്സംഗകേസിൽ വെറുതെ വിടുകയും ചെയ്തു.
ഇതിനെതിരെ കാശിനാഥ് ബോംബെ ഹൈകോടതിയിൽ അപ്പീൽ നൽകി. ജസ്റ്റിസ് അഞ്ജു പ്രഭുദേശായിയാണ് അപ്പീൽ ഹരജി പരിഗണിച്ചത്. താൻ വഞ്ചിതയായെന്ന് തെളിയിക്കാൻ പെൺകുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരിക ബന്ധം പരസ്പര സമ്മതത്തോട് കൂടിയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
വ്യാജ വിവരങ്ങൾ നൽകിയോ വഞ്ചനയിലൂടേയോ അല്ല പെൺകുട്ടിയുമായി യുവാവ് ശാരീരിക ബന്ധത്തിലേർപ്പെട്ടത്. ദീർഘകാലത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.