ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പോരാടാൻ പ്രവർത്തകർക്കൊപ്പം ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി
text_fieldsഉദയ്പൂർ (രാജസ്ഥാൻ): ബി.ജെ.പിയെയും ആർ.എസ്.എസിനെയും ദേശീയതലത്തിൽ നേരിടാൻ കോൺഗ്രസിനല്ലാതെ പ്രാദേശിക പാർട്ടികൾക്ക് കഴിയില്ലെന്ന് നവസങ്കൽപ് ശിബിരത്തിൽ രാഹുൽ ഗാന്ധി. വിഭാഗീയ വിചാരധാരയെ തോൽപിക്കാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ തള്ളിമാറ്റി പ്രതിപക്ഷത്തെ നയിക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും മറ്റും ശ്രമിക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് രാഹുലിന്‍റെ പരാമർശം.
മുറിഞ്ഞുപോയ ജനബന്ധം വീണ്ടെടുക്കുക മാത്രമാണ് കോൺഗ്രസ് ശക്തിപ്പെടുത്താൻ വഴിയെന്ന് രാഹുൽ പറഞ്ഞു. സംഭാഷണങ്ങളുടെ വഴി ഇല്ലാതാക്കിയാണ് ബി.ജെ.പിയുടെ പോക്ക്. പരസ്പരം സംസാരിക്കുകയും സംസാരിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ഡി.എൻ.എയിൽ ഇല്ല. ജനവികാരം പ്രകടിപ്പിക്കപ്പെടുന്നതും അവർ ഉൾക്കൊള്ളുന്നില്ല.
സാമൂഹികമായും ജനാധിപത്യ സംവിധാനങ്ങളിലും ബി.ജെ.പി നടത്തുന്ന അതിക്രമ രീതികൾക്ക് ജനങ്ങളുമായി സംവദിച്ചു മുന്നേറുകയാണ് മറുവഴി. കോൺഗ്രസിനാണ് നയിക്കാൻ കഴിയുകയെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. പാർട്ടിയെ സംബന്ധിച്ചാകട്ടെ, വിയർപ്പൊഴുക്കാതെ കുറുക്കു വഴികളില്ല.
ആശയപരമായ നിലപാടുകളിൽ ഒരു മാറ്റവും ആവശ്യമില്ല. എന്നാൽ, പ്രവർത്തനരീതി മാറണം. പുതിയ കാലഘട്ടത്തിലെ ആശയവിനിമയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലാണ് രാഷ്ട്രീയ പ്രതിയോഗികൾ കോൺഗ്രസിനെ കടത്തിവെട്ടുന്നത്. കോർപറേറ്റുകൾക്ക് രാജ്യം തന്നെ തീറെഴുതുന്ന ഈ കാലത്ത് രാജ്യത്തിന്‍റെ ഒരു രൂപ പോലും വഴിവിട്ട് വാങ്ങിയിട്ടില്ലെന്ന് പറയാൻ തനിക്ക് കഴിയുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.