പ്രവാസി വിവാഹങ്ങൾ 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്യണം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവാഹങ്ങൾ 48 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിച്ചുപോകുന്നത് തടയുന്നതിെൻറ ഭാഗമായാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. 48 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യാത്തപക്ഷം പാസ്പോർട്ട്, വിസ തുടങ്ങിയവ റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കും.
വിവാഹത്തട്ടിപ്പുകളിൽ പ്രതികളാവുന്ന പ്രവാസി ഇന്ത്യക്കാരുടെ സ്വത്ത് മരവിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചു. ഇതിെൻറ ഭാഗമായി വിദേശ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ചേർന്ന് നോഡൽ ഏജൻസിക്ക് വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപം നൽകി. ആദ്യവിവാഹം മറച്ചുെവച്ചുള്ള വിവാഹവും വിദേശത്തുെവച്ച് നടത്തുന്ന വിവാഹമോചനവും ഉൾപ്പെടെയുള്ള പ്രശ്നങ്ങളും വിവാഹത്തട്ടിപ്പിെൻറ പരിധിയിൽ വരും. സ്ത്രീകൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോഴും അവയൊന്നും പരാതിയായി എത്തുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഭർത്താവ് ഉപേക്ഷിക്കുക, പീഡിപ്പിക്കുക, വിവാഹത്തിനു മുമ്പും ശേഷവും സ്ത്രീധനം ആവശ്യപ്പെടുക തുടങ്ങിയവയാണ് പ്രവാസികളുടെ ഭാര്യമാർ കൂടുതൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ. മന്ത്രാലയത്തിന് ലഭിക്കുന്ന പരാതി പരിശോധിക്കും. അദാലത്തിനോ മറ്റോ വരാത്തപക്ഷം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മടങ്ങിയെത്താത്തവരുടെ കുടുംബസ്വത്ത് ഉൾപ്പെടെ മരവിപ്പിക്കുന്ന വിധത്തിൽ നിയമം കർശനമാക്കാനാണ് നീക്കമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകാനും മന്ത്രാലയം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.